റിയാദ്: ബുധനാഴ്‌ച സൗദി നഗരമായ അബഹയിലെ വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് അറബ് ലോകം. ലോകത്ത് എവിടെ നിന്ന് മിസൈലുകൾ വിക്ഷേപിച്ചാലും തകർക്കാൻ കഴിയുന്ന അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനത്തെ വിദഗ്‌ദ്ധമായി കബളിപ്പിച്ചാണ് ഹൂതി വിമതരുടെ മിസൈലുകൾ വിമാനത്താവളത്തിൽ പതിച്ചത്. ഏതാണ്ട് അഞ്ചോളം മിസൈലുകളാണ് അബഹ വിമാനത്താവളത്തിന് നേരെ വന്നതെന്നാണ് സൗദി സഖ്യസേന വ്യക്തമാക്കിയതെങ്കിലും ഇവ ഏത് തരത്തിലുള്ളതാണെന്ന് കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ ക്രൂസ് മിസൈലുകൾ അബഹ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ മുഴുവൻ താറുമാറാക്കിയെന്ന് യെമനിലെ ഹൂതി വിമതസേന അവകാശപ്പെട്ടു.
അതേസമയം, സൗദി സഖ്യസേനയുടെ മിസൈൽ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ കഴിഞ്ഞത് തങ്ങളുടെ വിജയമാണെന്നാണ് ഹൂതി വിമതരുടെ അവകാശവാദം. കഴിഞ്ഞ നാല് വർഷത്തിനിടെ യെമനിലെ ജനവാസ മേഖലയിൽ സൗദി സഖ്യസേന നടത്തിവരുന്ന ആക്രമണങ്ങളുടെ പ്രതികാരമാണിതെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. കണ്ണിന് കണ്ണ് എന്ന നിലയിലുള്ള ആക്രമണമാണിത്. ഇപ്പോഴത്തേത് വെറും സാമ്പിൾ മാത്രമാണെന്നും ഇനി പല സർപ്രൈസുകളും കാത്തിരിക്കുന്നുണ്ടെന്നും ഹൂതികൾ പറയുന്നു. യു.എ.ഇയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ആണവ പവർ സ്‌റ്റേഷൻ തകർക്കാനായി തങ്ങൾ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നടത്തുന്ന രണ്ടാമത്തെ ക്രൂസ് മിസൈൽ ആക്രമണമാണിതെന്നും ഹൂതികൾ അവകാശപ്പെടുന്നു.
എന്നാൽ സാധാരണ യാത്രക്കാർ എന്നും ആശ്രയിക്കുന്ന വിമാനത്താവളത്തിന് നേരയുണ്ടായ ആക്രമണം അപലപനീയമാണെന്ന് സൗദി സഖ്യസേന പ്രതികരിച്ചു. സാധാരണക്കാരെയും സാധാരണക്കാർ ആശ്രയിക്കുന്ന സംവിധാനങ്ങളെയും ആക്രമിക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഇക്കാര്യം യുദ്ധ കുറ്റകൃത്യമായി കണ്ട് അന്താരാഷ്ട്ര സമൂഹം യെമനി വിമതരെ ഒറ്റപ്പെടുത്തണം. തീവ്രവാദികൾക്ക് അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്ന ഇറാന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് കേണൽ തുർക്കി അൽമൽക്കി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.