കൊടകര: തൃശൂർപൂരം മഠത്തിൽ വരവിൽ തിമില കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. തൃശൂർപൂരം മഠത്തിൽ വരവിൽ സാന്നിദ്ധ്യമറിയിച്ച് നാല് പതിറ്റാണ്ടും തിമില പ്രമാണിയായി ഒരു പതിറ്റാണ്ടും പിന്നിട്ട ശേഷമായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് 2014 ന് ശേഷം മഠത്തിൽ വരവിൽ നിന്ന് വിട്ടുനിന്നിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മദ്ധ്യകേരളത്തിലെ കലാഗ്രാമങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള അന്നമനടയിൽ പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി മാരസ്യാരുടെയും തോട്ടുപുറത്ത് രാമൻ നായരുടെയും മകനായി 1952 ലാണ് ജനനം. അന്നമനട ത്രയത്തിലെ സീനിയർ പരമേശ്വര മാരാർക്ക് കീഴിലായിരുന്നു കലാമണ്ഡലത്തിൽ അദ്ദേഹത്തിന്റെ പഠനം ആരംഭിക്കുന്നത്. സീനിയർ പരമേശ്വര മാരാർ, കുഴൂർ നാരായണമാരാർ തുടങ്ങി പ്രമുഖ തിമിലക്കാരുടെയും ചാലക്കുടി നമ്പീശൻ, കൊളമംഗലത്ത് നാരായണൻനായർ എന്നീ മദ്ദളക്കാരുടെയും പ്രമാണത്തിലുള്ള പഞ്ചവാദ്യത്തിലായിരുന്നു അരങ്ങേറ്റം. കലാമണ്ഡലം പരമേശ്വരനെന്ന് അറിയപ്പെട്ടിരുന്ന പരമേശ്വരൻ പിന്നീട് അന്നമനട ത്രയത്തിന്റെ പിൻഗാമിയെന്ന വണ്ണം അന്നമനട പരമേശ്വര മാരാരാകുകയായിരുന്നു.
ദക്ഷിണാഫ്രിക്ക, ദുബായ്, പാരീസ് തുടങ്ങിയ രാജ്യങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വേർപാടിനെ തുടർന്ന് 2002ലാണ് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ് (2010), അക്കാഡമിയുടെ എ.എൻ. നമ്പീശൻ സ്മാരക പുരസ്‌കാരം (തിമില), ഗുരുവായൂരപ്പൻ പുരസ്‌കാരം (2012), വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്വർണപതക്കം, തിരുവമ്പാടി ദേവസ്വം ഗോൾഡ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. തൃശൂർ ആസ്വാദക സമിതിയുടെ വീരശൃംഖല, അന്നമനട അച്ചുതമാരാർ പ്രഥമപുരസ്‌കാരം, പാല അമ്പാറ ക്ഷേത്രത്തിന്റെ വാദ്യകലാ സമ്രാട്ട് പുരസ്‌കാരം തുടങ്ങിയവയും ലഭിച്ച ബഹുമതികളിൽപെടും. കൊടകര കാവിൽമാരാത്ത് ശാന്ത മാരസ്യാരാണ് ഭാര്യ. കലാമണ്ഡലം ഹരീഷ്, കല, ധന്യ എന്നിവർ മക്കളും തായമ്പക കലാകാരി നന്ദിനി വർമ്മ, സുനിൽ എന്നിവർ മരുമക്കളുമാണ്.