pathanapuram
ആഷിക്ക്

പത്തനാപുരം: പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഭയന്നോടിയ യുവാവ് വനംവകുപ്പ് ഭൂമിയിൽ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. പത്തനാപുരം പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ- ഷീന ദമ്പതികളുടെ മകൻ ആഷിക്കാണ് (19) മരിച്ചത്. ഷോക്കേറ്റ പാടം വണ്ടനിയിൽ തെക്കേക്കര വീട്ടിൽ ജോമോൻ (19) കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ആഷിക്ക്. പിതാവ് വിദേശത്താണ്. സഹോദരി: ആഷിന.

വന്യമൃഗശല്യം തടയാൻ കമ്പിവേലി കെട്ടി വൈദ്യുതി കടത്തിവിട്ട പാറയിൽ വീട്ടിൽ മുരളിയെ പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. വനംവകുപ്പ് ഭൂമിയിൽ അനധികൃതമായി വൈദ്യുതിവേലി സ്ഥാപിച്ചതിന് മുരളിയുടെ പേരിൽ വനംവകുപ്പും ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ദുരുപയോഗം ചെയ്തതിന് കെ.എസ്.ഇ.ബിയും കേസെടുത്തിട്ടുണ്ട്.

ചെവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു ആഷിക്. പൊലീസ് ജീപ്പ് വരുന്നതു കണ്ട് എല്ലാവരും ഓടി. സമീപ പ്രദേശമായ മാങ്കോട്ട് എ.ഐ.എസ്.എഫ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് റോന്തുചുറ്റുന്ന പൊലീസിനെ കണ്ടാണ് ഇവർ ഓടിയത്. കമ്പിയിൽ സ്പർശിച്ചതോടെ ആഷിക്കിനും ജോമോനും ഷോക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല.