ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് മോശമായ ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളാക്കി, ജമ്മു കാശ്‌മീരിലെ അനന്ത്നാഗിൽ പാക് അനുകൂല ഭീകരസംഘടന ഇന്നലെ നടത്തിയ ആക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. കാശ്‌മീർ പൊലീസിലെ ഒരു ഇൻസ്‌പെക്‌ടർക്കും പ്രദേശവാസിക്കും പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടർന്ന മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം. തിരക്കേറിയ ഖനബാൽ - പഹൽഗാം റോഡിലൂടെ റോന്തു ചുറ്റുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനു നേരെ ബൈക്കിൽ എത്തിയ രണ്ടു ഭീകരർ ഗ്രനേഡുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം യന്ത്രത്തോക്കുകൾ ഉപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഇവരിൽ ഒരാളെയാണ് സൈനികർ വധിച്ചത്. പരിക്കേറ്റ സാദർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷാദ് ഖാനെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോൾ സംഘത്തിൽ എത്ര ജവാന്മാരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കുന്ന ഷാങ്‌ഹായ് സഹകരണ ഉച്ചകോടി ഇന്ന് ആരംഭിക്കാനിരിക്കെയാണ് പാക് ഭീകരസംഘടനയുടെ പ്രകോപനം. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ കിർഗിസ്ഥാനിലേക്കു തിരിക്കും. ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി മോദി കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.
അടുത്ത മാസം നടക്കാനിരിക്കുന്ന അമർനാഥ് തീർത്ഥാടനത്തിനായി സംസ്ഥാന സർക്കാർ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം. അമർനാഥ് തീർത്ഥാടനത്തിന്റെ രണ്ടു പാതകളിലൊന്ന് അനന്ത്നാഗിലൂടെയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തിയ ശേഷമേ തീർത്ഥാടന പാത അന്തിമമായി തീരുമാനിക്കുകയുള്ളൂ. ആക്രമണത്തെ ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി അപലപിച്ചു.
പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ഭടന്മാർ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആയിരുന്നു അന്നത്തെ ആക്രമണത്തിനു പിന്നിലെങ്കിൽ കാശ്‌മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാക് അനുകൂല സംഘടനയാണ് ഇന്നലത്തെ ആക്രമണം നടത്തിയത്.
മോദി പാക് വ്യോമ
പാത ഒഴിവാക്കി
ഇന്ന് ഷാങ്‌ഹായ് ഉച്ചകോടിക്ക് പോകുന്ന പ്രധാനമന്ത്രി മോദിയുടെ വിമാനം പാക് വ്യോമപാത ഒഴിവാക്കിയാവും പറക്കുക.
ഒമാൻ, ഇറാൻ, മദ്ധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് മീതേയാവും മോദിയുടെ വിമാനം സഞ്ചരിക്കുക.
പാക് വ്യോമപാത ഒഴിവാക്കുന്നതിലൂടെ നാലു മണിക്കൂർ അധികസമയം പറക്കേണ്ടിവരും.
ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് മോദിക്കായി വ്യോമപാത തുറക്കാൻ പാകിസ്ഥാൻ സമ്മതിച്ചിരുന്നു.
ഇന്നലത്തെ ഭീകരാക്രമണത്തിന് മണിക്കൂറുകൾ മാത്രം മുമ്പാണ് പാക് വ്യോമപാത ഒഴിവാക്കാൻ തീരുമാനിച്ചത്.