കേരളക്കരയൊന്നാകെ ഇന്ന് ഫുൾജാർ സോഡ തരംഗം ആഞ്ഞടിക്കുകയാണ്. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ ഇതിന്റെ രുചി അറിഞ്ഞിരിക്കുന്നു. എന്നാൽ ഫുൾജാർ സോഡ പതച്ചുപൊങ്ങുമ്പോൾ പാഴാക്കിക്കളയുന്ന വെള്ളത്തെ കുറിച്ച് നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു പ്രമേയത്തിൽ ഒരുങ്ങിയ ഹ്രസ്വചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജയപ്രകാശ് പയ്യന്നൂർ ഛായാഗ്രണവും സംവിധാനവും നിർമ്മിച്ച ദ ലൈഫ് ജാർ എന്ന ഹ്രസ്വചിത്രമാണിത്. ഒരു സാധാരണ മനുഷ്യന്റെ ദാഹത്തെയും ഫുൾജാർ സോഡയെയും കൂട്ടിയിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ടു മിനിട്ട് ദൈർഘ്യമുള്ള ചിത്രം വെള്ളം പാഴാക്കരുതെന്ന സന്ദേശവും നൽകുന്നുണ്ട്. അജ്മൽ വൈക്കം, വിജേഷ്, ആഷിഖ് മൊയ്തീൻ, ഫൈസൽ ആലുവ, അൻഷാദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. നടൻ അനൂപ് മേനോനാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്.