പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിയെ (45) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഭക്ഷണത്തിന് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആദ്യം പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കാണ് കൊണ്ടുവന്നത്. ഇവിടെ നിന്നു മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുളം നിർമ്മാണത്തിന് എത്തിയതായിരുന്നു പത്മിനി.