ബംഗളൂരു: ഇന്ത്യ ആദ്യമായി ചന്ദ്രോപരിതലത്തിൽ ലാൻഡറും റോവറും ഇറക്കുന്ന ചന്ദ്രയാൻ - 2 ദൗത്യം ഐ.എസ്.ആർ.ഒ ജൂലായ് 15ന് പുലർച്ചെ 2.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. സെപ്തംബർ 6നോ 7നോ പേടകം ചന്ദ്രനിൽ ഇറങ്ങും. ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഇന്നലെ പത്രസമ്മേളനത്തിൽ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തി. ചന്ദ്രയാൻ- 2 ന്റെ ഓർബിറ്ററും ലാൻഡറും ഉൾപ്പെടുന്ന പേടകത്തിന്റെ ചിത്രവും ആദ്യമായി പുറത്തുവിട്ടു.
അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ റോവർ ഇറക്കിയിട്ടുള്ളത്. ഈ ക്ലബിലേക്കാണ് ഇന്ത്യയും എത്തുന്നത്.
ചന്ദ്രയാൻ - 2
മൊത്തം ചെലവ് 978 കോടി രൂപ
പേലോഡ് 603 കോടി
വിക്ഷേപണ റോക്കറ്റ് 375 കോടി
ജി.എസ്.എൽ.വി മാർക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം
പേലോഡിൽ ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രജ്ഞാൻ) എന്നിവ
ലാൻഡറിലും റോവറിലും ദേശീയ പതാക പെയിന്റ് ചെയ്യും
റോവറിന്റെ ചക്രങ്ങളിൽ അശോക ചക്രം പതിക്കും
മൂന്നും ഒറ്റ മോഡ്യൂളായി റോക്കറ്റിൽ ഘടിപ്പിക്കും.
മോഡ്യൂളിന്റെ മൊത്തം ഭാരം 3.8 ടൺ
ലാൻഡറിന്റെ അകത്താണ് റോവർ
റോക്കറ്റ് ഭൂഭ്രമണപഥത്തിൽ എത്തുമ്പോൾ മോഡ്യൂൾ വേർപെടും
മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രയാണം ചെയ്യും
ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെടും
ശാസ്‌ത്രീയ ഉപകരണങ്ങളുമായി ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യും
ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡ് ചെയ്യും
അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും.
ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണങ്ങൾ നടത്തും.