infla

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും സാമ്പത്തിക ലോകത്തിനും ആശ്വാസം പകർന്ന് ഏപ്രിലിൽ വ്യാവസായിക ഉത്‌പാദന (ഐ.ഐ.പി) വളർച്ച ആറുമാസത്തെ ഉയരമായ 3.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2018 ഒക്‌ടോബറിലെ 8.4 ശതമാനത്തിന് ശേഷം ഐ.ഐ.പി വളർച്ച കുറിക്കുന്ന ഏറ്റവും മികച്ച ഉയരമാണിത്. അതേസമയം, 2018 ഏപ്രിലിൽ വളർച്ച 4.5 ശതമാനമായിരുന്നു.

ഖനന വളർച്ച 2018 ഏപ്രിലിലെ 3.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനത്തിലേക്കും ഊർജ മേഖല 2.1 ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിലേക്കും പ്രകടനം മെച്ചപ്പെടുത്തിയത് ഏപ്രിലിൽ നേട്ടമായി. എന്നാൽ, മാനുഫാക്‌ചറിംഗ് വളർച്ച 4.9 ശതമാനത്തിൽ നിന്ന് 2.8 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) വ്യക്തമാക്കി. അതേസമയം, റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരണത്തിന് പ്രധാന മാനദണ്ഡമായി കാണുന്ന റീട്ടെയിൽ നാണയപ്പെരുപ്പം മേയിൽ 3.05 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 2.99 ശതമാനമായിരുന്നു.