ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മാദ്ധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 20,000 രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്കും ആൾ ജാമ്യത്തിലുമാണ് ലഖ്നൗ ജയിലിൽ നിന്ന് കനോജിയ പുറത്തിറങ്ങിയത്.
മുഖ്യമന്ത്രിയെ സാമൂഹികമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കനോജിയയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് അഞ്ചു പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. കനോജിയയെ അറസ്റ്റ് ചെയ്തതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഇത് കൊലപാതകമല്ല നടന്നതെന്നും കനോജിയയെ ഉടൻ മോചിപ്പിക്കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. കനോജിയയുടെ ഭാര്യയുടെ ഹർജി സ്വീകരിച്ചാണ് സുപ്രീംകോടതിയുടെ നടപടി. യോഗി ആദിത്യനാഥിനോട് വിവാഹാഭ്യർഥന നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ മാദ്ധ്യമങ്ങളെ കാണുന്നതിന്റെ വീഡിയോ ആണ് കനോജിയ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തത്. സംഭവത്തിൽ നോയിഡയിലെ സ്വകാര്യ ചാനൽ മേധാവികളെയും എഡിറ്റർമാരെയും അറസ്റ്റ് ചെയ്തിരുന്നു.