kollam

കൊല്ലം: പൊലീസ് വാഹനം കണ്ട് ഭയന്നോടിയ വിദ്യാർത്ഥി വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലം പത്തനാപുരത്ത് ഇന്നലെ രാത്രി 12ണിയോടെയായിരുന്നു സംഭവം. മങ്കോട്ടുപാടം സ്വദേശിയായ ആഷിഖ് (19) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഓടിയ ആഷിഖ് വന്യജീവിയെ വേട്ടയാടാനായി സ്ഥാപിച്ച വൈദ്യുതകമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു.

മേഖലയിൽ എസ്.ഡി.പി.ഐ എ.ഐ.വൈ.എഫ് സംഘർഷത്തെ തുടർന്ന് പത്തനാപുരം പാടം മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. വീടിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കൂട്ടുകാരുമായി കാരംസ് കളിക്കുകയായിരുന്ന ആഷിഖും കൂട്ടുകാരും ഇതുവഴി വന്ന പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. കാട്ടുപന്നിയെ പിടികൂടാൻ വച്ച വൈദ്യുത കമ്പിയാണ് അപകടത്തിനിടയാക്കിയത്. ഉടൻ ആഷിഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഷിഖിനോടൊപ്പം ഉണ്ടായ സുഹൃത്ത് ജോമോൻ പരക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

വനമേഖലയോട് ചേർന്ന് അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചതിന് പാടം സ്വദേശി മുരളിയെ പൊലീസ് പിടികൂടി. സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.