ആഗ്ര: യു.പിയിലെ ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് ധർവേഷ് യാദവ് കോടതി വളപ്പിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തിങ്കളാഴ്ചയാണ് ബാർ കൗൺസിൽ പ്രസിഡന്റായി 38കാരിയായ ധർവേഷിനെ തിരഞ്ഞെടുത്തത്. ഇതിനുശേഷം ആഗ്ര സിവിൽ കോടതിയിൽ ആദ്യമായി സ്വീകരണപരിടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വെടിയേറ്റ ഉടൻ തന്നെ ധർവേഷിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹപ്രവർത്തകനായ അഭിഭാഷകൻ മനീഷാണ് ധർവേഷിനുനേരെ വെടിയുതിർത്തത്. മൂന്ന് തവണ നിറയൊഴിച്ചശേഷം മനീഷ് സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കൊല്ലപ്പെട്ട അഭിഭാഷകയുമായി മനീഷിന് ദീർഘകാലത്തെ പരിചയമുണ്ടെന്ന് ആഗ്ര സിറ്റി അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രവീൺ വർമ വ്യക്തമാക്കി.