കൊച്ചി∙ കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ആറംഗ ഐസിസ് കോയമ്പത്തൂർ ഘടകത്തിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസ് രജിസ്റ്റർ ചെയ്‌തു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ.
ഐസിസ് തമിഴ്നാട് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ മുഹമ്മദ് അസറുദീൻ സഹ്രാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണ്. കോയമ്പത്തൂരിലെ ഏഴ് കേന്ദ്രങ്ങളിൽ കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മുഹമ്മദ് അസറുദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി. അസറുദീൻ, സൗത്ത് ഉക്കടം അൽഅമീൻ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം. അബൂബക്കർ, കരിമ്പുകടൈ ആസാദ്നഗർ സദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്‌തത്. സംശയമുള്ള ഏതാനും പേർക്ക് ഹാജരാകാൻ നോട്ടീസ് നൽകി.
ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐസിസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻ.ഐ.എയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തി. ഈ ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണ് മൊഹമ്മദ് അസറുദീനെന്ന് കണ്ടെത്തുന്നത്. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും എൻ.ഐ.എ അന്വേഷണം തുടരുകയാണ്.