തിരുവനന്തപുരം: രൂക്ഷമായ കടൽക്ഷോഭത്തിൽ നടുങ്ങി തലസ്ഥാനത്തിന്റെ തീരമേഖല. രണ്ട് ദിവസത്തിനിടെ പൂർണമായും കടലെടുത്തത് ഇരുപതോളം വീടുകളാണ്. ഭാഗികമായി തകർന്നത് നൂറോളം വീടുകൾ. ഏത് നിമിഷവും കടലാക്രമണ ഭീഷണിയിൽ അഞ്ഞൂറോളം വീടുകളുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പെത്തിയ 'വായു ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതിന് മുന്നോടിയായി തലസ്ഥാനത്തെ തീരദേശത്ത് വൻ നാശനഷ്ടങ്ങളാണുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയുണ്ടായ കടലാക്രമണത്തിൽ വലയതുറയിൽ ഇരുപതോളം വീടുകളാണ് തകർന്നത്. കടലാക്രമണം തടയാൻ അടുക്കിയ കരിങ്കല്ലുകളെപ്പോലും ചുഴറ്റിയടിച്ച് തീരത്തെ വീടുകളിലേക്ക് തള്ളിയാണ് കടൽ ഉഗ്രതാണ്ഡവമാടിയത്. കുഴിവിളാകം, വലിയതുറ, തോപ്പിൽ മേഖലകളിലെ നൂറിലധികം വീടുകൾക്കും കടൽക്ഷോഭത്തിൽ കേടുപാടുണ്ട്. വലിയതുറയിൽ സെലിൻകുട്ടി, സജൻ മൈക്കിൾ, മൈക്കിൾ ബനഡിക്റ്റ്, ജറാൾഡ, പെണ്ണമ്മ ലിഫോറി, ആൻസലാൻ തുടങ്ങിയവരുടെ വീടുകളാണ് രാത്രിയോടെ വെള്ളംകയറി നശിച്ചത്.
മണൽ ചാക്ക് എവിടെ ?
കടലാക്രമണം നേരിടുന്ന വലിയതുറ, കൊച്ചുതുറ മേഖലകളിൽ അടിയന്തരമായി മണൽച്ചാക്കുകൾ നിരത്താൻ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ സകലതും കടലെടുത്തതിന് ശേഷം മണൽച്ചാക്കുകളുമായി എത്തിയിട്ട് എന്ത് കാര്യമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്തതിനെത്തുടർന്ന് സ്വന്തം നിലയിൽ യുവാക്കളെ സംഘടിപ്പിച്ച് ദൂരദേശങ്ങളിൽ നിന്ന് മണൽചാക്കുകളെത്തിച്ച് പ്രതിരോധം തീർക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനുള്ള പ്രവർത്തനങ്ങൾ രാവിലെ മുതൽ തന്നെ തുടങ്ങിയിരുന്നു. 'ഇതെല്ലാം കളഞ്ഞിട്ട് കടലിന്റെ മക്കളായ ഞങ്ങൾ എങ്ങോട്ട് പോകാനാണ്. ഫ്ലാറ്റും വീടും ഒന്നും വേണ്ട, ഉള്ള കിടപ്പാടം പോകാതിരിക്കാൻ കല്ലിട്ട് തന്നാൽ മതി" എന്നാണ് ലോറന്നയുടെ അഭ്യർത്ഥന.
ശംഖുംമുഖം ഓർമ്മയാകുന്നു
തലസ്ഥാനത്തെ അഭിമാനമായ ശംഖുംമുഖം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് വേദനയായി മാറി ബീച്ച്. ഇപ്പോൾ തീരം കാണാനാകാത്ത അവസ്ഥയാണ്. റോഡ് തകർന്നതിനാൽ നാലുവരിപ്പാതയുടെ ഒരുവശത്തുകൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ പൊലീസ് ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. കടലേറ്റം ശക്തമായാൽ റോഡ് പൂർണമായും തകരുന്ന അവസ്ഥയാണ്. ശക്തമായ തിരയടിച്ച് തീരം ഇടിയുന്ന സ്ഥിതിയാണ് ശംഖുംമുഖത്തുള്ളത്. ഇതേത്തുടർന്ന് തീരത്ത് ലൈഫ് ഗാർഡുകൾ അപായക്കൊടി നാട്ടിയിട്ടുണ്ട്. പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ കല്ലുകൾ അടുക്കുകയും പുലിമുട്ടുകൾ നിർമിക്കുകയുമാണ് ഏകപരിഹാരമായി ചൂണ്ടിക്കാട്ടുന്നത്. ഇല്ലെങ്കിൽ ശംഖുംമുഖത്തെ നിലവിലെ റോഡ് ഉൾപ്പെടെ സകലതും കടൽ വിഴുങ്ങും.
ദുരിതമായി ക്യാമ്പ്
വലിയതുറ ഗവ. യു.പി സ്കൂൾ വളപ്പിലുള്ള അംഗൻവാടി കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാത്രി തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ 15 കുടുംബങ്ങളിലായി 70 പേരാണുള്ളത്. 80 വയസ് വരെയുള്ളവരാണ് ഈ ക്യാമ്പുകളിലുള്ളത്. കൊച്ചുതോപ്പ്, ഫാത്തിമ മാതാ പള്ളിക്ക് സമീപം, കറുപ്പായിറോഡ്, വലിയതുറ, ലിസിറോഡ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തിങ്കളാഴ്ച സന്ധ്യയ്ക്ക് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ക്യാമ്പിലെ മുറിക്കുള്ളിൽ എല്ലാവർക്കും കിടക്കാനുള്ള സൗകര്യമില്ലെന്ന് ഇവർ പറഞ്ഞു. തിരയടിച്ച് തുണികളും മറ്റും നനഞ്ഞു. ഇവ ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. 12ലധികം കുട്ടികളാണ് ക്യാമ്പിലുള്ളത്. കൊതുകു കടിയേറ്റ് കുട്ടികൾ കരയുന്ന കാഴ്ച കണ്ടിരിക്കാനെ കഴിയുന്നുള്ളൂ. മുറിയിലാണെങ്കിൽ ആകെയുള്ളത് ഒരു ട്യൂബ് ലൈറ്റ് മാത്രം. ഇത് ഘടിപ്പിച്ചിരിക്കുന്ന ഗ്രില്ലിൽ എർത്തുള്ളതിനാൽ പിടിക്കാനാകില്ല.
സ്കൂൾ വളപ്പിൽ ഒരു ടാങ്ക് കുടിവെള്ളമാണെത്തിച്ചിട്ടുള്ളത്. ടാങ്കിന്റെ ഏറ്റവും താഴെയാണ് ടാപ്പ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ കുടമോ മറ്റ് പാത്രങ്ങളോ ഉപയോഗിച്ച് വെള്ളമെടുക്കാനാകുന്നില്ലെന്നും കുടുംബങ്ങൾ പറഞ്ഞു.