തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ മടിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിന് മെട്രോമാൻ ഇ. ശ്രീധരന്റെ ഉറപ്പ്, 50 ശതമാനം പദ്ധതിവിഹിതം കേന്ദ്രം നൽകിയിരിക്കും. വേണ്ട രീതിയിൽ പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച് അപേക്ഷിക്കണമെന്നു മാത്രം. സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയ പുതിയ കേന്ദ്രനയത്തിന് അനുസരിച്ചാവണം നമ്മുടെ അപേക്ഷ. മെട്രോ പദ്ധതി നേടിയെടുക്കാൻ പറ്റിയ അവസരമാണ്. നിലവിൽ പത്തുനഗരങ്ങളിൽ മാത്രമുള്ള മെട്രോപദ്ധതികൾ 50 ഇടത്തേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രനയം. പ്രാഥമിക നടപടികൾ തുടങ്ങിയ നഗരങ്ങളിലെ 275 കിലോമീറ്റർ മെട്രോയ്ക്ക് ഉടനടി അനുമതിയും കേന്ദ്രവിഹിതവും അനുവദിക്കാനാണ് തീരുമാനം. ഇപ്പോഴല്ലെങ്കിൽ പിന്നീട് നമുക്ക് സാദ്ധ്യത കുറയുമെന്ന് ചുരുക്കം. മെട്രോപദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്.
ലൈറ്റ് മെട്രോ പദ്ധതികളിലെ ആശങ്ക അകറ്റാൻ സർക്കാർ, മെട്രോമാൻ ഇ. ശ്രീധരന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും മന്ത്രി ജി. സുധാകരനുമായും ഉദ്യോഗസ്ഥരുമായും ശ്രീധരൻ ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. 4219 കോടി രൂപയുടെ കൂറ്റൻ പദ്ധതിയാണ് തിരുവനന്തപുരം ലൈറ്റ് മെട്രോ. കോഴിക്കോട്ടും ഇത്രയും ചെലവുണ്ട്. പദ്ധതിക്ക് 1619 കോടിയുടെ കേന്ദ്രവിഹിതവും 3832 കോടിയുടെ വിദേശവായ്പയ്ക്കുള്ള കേന്ദ്രഗാരന്റിയും നേടിയെടുക്കേണ്ടതുണ്ട്. ശ്രീധരന്റെ മേൽനോട്ടത്തിലാണ് പദ്ധതിയെങ്കിൽ, 1.35 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ ഫ്രഞ്ച് ഏജൻസി സന്നദ്ധമാണ്. ഈ വായ്പയ്ക്ക് 25 വർഷം തിരിച്ചടവും 5 വർഷം മോറട്ടോറിയവും ലഭ്യമാവും. അടുത്തിടെ അനുമതി നൽകിയ പൂനെ മെട്രോയ്ക്ക് കേന്ദ്രം നൽകിയത് 1300 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ്. ഇ. ശ്രീധരനുമായി ഏറെ അടുപ്പമുള്ള നിതിൻ ഗഡ്കരിയാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി. കഴിഞ്ഞ ദിവസം ഗഡ്കരി തിരുവനന്തപുരത്ത് വന്നപ്പോൾ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികൾ മന്ത്രി ജി. സുധാകരൻ അവതരിപ്പിച്ചിട്ടുണ്ട്.
ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി തയ്യാറാക്കിയ ലൈറ്റ് മെട്രോ ഡി.പി.ആർ ഇതുവരെ സർക്കാർ കേന്ദ്രത്തിലേക്ക് അയച്ചിട്ടില്ല. കേന്ദ്രനയം വ്യക്തമാകട്ടെ എന്നാണ് വിശദീകരണം. എന്നാൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കി കേന്ദ്രനയം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. വേഗത്തിൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അധികചെലവ് ഉണ്ടാകുമെന്ന് ശ്രീധരൻ പലവട്ടം പറഞ്ഞിട്ടും സർക്കാരിന് ബോധ്യമായില്ല. പ്രാരംഭനടപടികളെങ്കിലും തുടങ്ങിവയ്ക്കണമെന്ന നിർദ്ദേശം കൂടി സർക്കാർ തള്ളിയതോടെ ഇ. ശ്രീധരനും ഡി.എം.ആർ.സിയും ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ച് ഓഫീസുകൾ പൂട്ടി തലസ്ഥാനം വിട്ടിരുന്നു. ഇപ്പോൾ ശ്രീധരന്റെ സേവനം സർക്കാർ വീണ്ടും തേടിയിരിക്കുകയാണ്.
ഇതിനിടെ, ലൈറ്റ് മെട്രോയുടെ ഭാഗമായ ശ്രീകാര്യം, ഉള്ളൂർ, പട്ടം ഫ്ലൈഓവറുകൾ നിർമ്മിക്കാനും സ്ഥലമെടുപ്പിനും നടപടി തുടങ്ങിയിട്ടുണ്ട്. ഡി.എം.ആർ.സി തയ്യാറാക്കിയ നാല് മേൽപ്പാലങ്ങളുടെ ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് പാലങ്ങൾക്കായി 272 കോടിയുടെ ഭരണാനുമതിയും നൽകി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വരെ അനുമതി വേണ്ട പദ്ധതിയാണ് ലൈറ്റ് മെട്രോ.
'ഇപ്പോൾ വേണ്ടത് ലൈറ്റ് മെട്രോ "
തിരുവനന്തപുരത്ത് വേണ്ടത് ലൈറ്റ് മെട്രോയോ കൊച്ചിയിലേതുപോലെ മീഡിയം മെട്രോയോ- ഇതാണ് സർക്കാരിന്റെ സംശയം. ഇ. ശ്രീധരന്റെ മറുപടി ഇങ്ങനെ: 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് കേന്ദ്രസർക്കാർ മെട്രോ അനുവദിക്കുക.
തിരുവനന്തപുരത്ത് പത്തുലക്ഷത്തിന് താഴെ മാത്രം. വലിയ മെട്രോ ഓടിക്കാനാവശ്യമായ ജനസംഖ്യയില്ലാത്തതിനാൽ അനുമതിക്ക് തടസമാവും. തുടക്കത്തിൽ ലൈറ്റ് മെട്രോയ്ക്ക് ഒറ്റലൈനേ ഉണ്ടാവൂ. ഭാവിയിൽ സമാന്തരമായി മീഡിയം മെട്രോ ലൈൻ സ്ഥാപിക്കാനാവും. കൊച്ചിയിൽ ശേഷിയുടെ പകുതി യാത്രക്കാർ പോലുമില്ലെന്നത് മറക്കരുത്. ലൈറ്റ് മെട്രോയാണെങ്കിൽ വേഗത്തിൽ അനുമതി നേടാമെന്ന് മാത്രമല്ല, ചെലവ് 25 ശതമാനം കുറയുകയും ചെയ്യും. അതിനാൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ഇപ്പോൾ ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി തേടുന്നതാണ് ഉചിതം.
കേന്ദ്ര നിർദ്ദേശം
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതു പോലെ മെട്രോ പദ്ധതികളിലും സ്വകാര്യനിക്ഷേപമുണ്ടാവണം. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള മെട്രോ പദ്ധതികൾക്കേ കേന്ദ്രാനുമതിയും വിഹിതവും അനുവദിക്കൂ. കോച്ച്, സിഗ്നലിംഗ്, ടിക്കറ്റിംഗ് സിസ്റ്റം എന്നിവയിലേതെങ്കിലുമോ, പദ്ധതിയുടെ ഒരു ഭാഗമോ സ്വകാര്യ പങ്കാളിത്തത്തോടെ വേണം. മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതിയുണ്ടാക്കണം. ലൈറ്റ് മെട്രോയ്ക്ക് പ്രത്യേകം അതോറിട്ടികൾ (യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി) രൂപീകരിക്കണം. യാത്രാസൗകര്യങ്ങൾ, വികസനത്തിന് പണംകണ്ടെത്തൽ, വായ്പയെടുക്കൽ എന്നിവയ്ക്കെല്ലാം പ്രത്യേകം നിയമനിർമ്മാണം നടത്തണം.
കേരളം ചെയ്തത്
ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്റ്റ് എന്നിവയിൽ മാത്രമായി സ്വകാര്യ പങ്കാളിത്തം ഒതുക്കിയാണ് പുതുക്കിയ പദ്ധതിരേഖ. 6728 കോടിയുടെ പദ്ധതിയിൽ എലിവേറ്റർ, ലിഫ്റ്റ് എന്നിവയ്ക്ക് 150 കോടി സ്വകാര്യനിക്ഷേപം. ടിക്കറ്റിംഗ് സംവിധാനം പൂർണമായി സ്വകാര്യവത്കരിക്കും. പുതുക്കിയ ഡി.പി.ആർ ഡി.എം.ആർ.സി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഐ.എ.എസുകാരുടെ സമിതി ഇതേക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിസഭ ഇത് പരിഗണിച്ചിട്ടില്ല. സ്വകാര്യപങ്കാളിത്തം ഉറപ്പിക്കാനുള്ള നിയമനിർമ്മാണം നടത്തി വിജ്ഞാപനമിറക്കിയശേഷമേ പുതിയ പദ്ധതിരേഖ കേന്ദ്രത്തിന് അയയ്ക്കാനാവൂ. സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തോട് സംസ്ഥാനസർക്കാരിന് എതിർപ്പുണ്ട്.
നമ്മൾ വളരെ മുന്നിൽ
മെട്രോ പദ്ധതികൾ നേടിയെടുക്കാൻ മറ്റ് സംസ്ഥാനങ്ങൾ തീവ്രശ്രമത്തിലാണെങ്കിലും ഏറ്റവുമധികം പ്രാരംഭനടപടികൾ പൂർത്തിയാക്കിയത് കേരളമാണ്. മറ്റ് നഗരങ്ങൾക്ക് ഒന്നരവർഷമെടുത്താലേ ഇത്രയും നടപടികൾ പൂർത്തിയാക്കാനാവൂ. ലൈറ്റ് മെട്രോയ്ക്കായി നമ്മൾ ഇതുവരെ ചെയ്ത കാര്യങ്ങൾ ഇവയാണ്:
l വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) പൊതുഗതാഗത നവീകരണപദ്ധതിയും തയ്യാറാക്കി
l മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥലമെടുത്തു
l തിരുവനന്തപുരത്ത് മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് അനുമതി, സ്ഥലമെടുപ്പ് തുടങ്ങുന്നു
l റെയിൽവേ ബോർഡംഗം നവീൻ ടൻഡൻ സമിതി കോച്ചുകൾ ഏതാണെന്ന് തിരഞ്ഞെടുത്തു
l വളവുകളിൽ സ്വയംതിരിയുന്ന ലീനിയർ ഇൻഡക്ഷൻ മോട്ടോർ (ലിം) കോച്ചുകളാണവ
l ലൈറ്റ് മെട്രോ പാതയ്ക്ക് ഇരുവശവും 500 മീറ്റർ മെട്രോ ഇടനാഴിയായി പ്രഖ്യാപിക്കാൻ ശുപാർശ
l ഇവിടെ, കെട്ടിടനികുതി 50 ശതമാനം വർദ്ധിപ്പിച്ച് 20 കോടി സമാഹരിക്കണം.