വാഷിംഗ്‌ടൺ: ഗാർഹിക പീഡനത്തിനോ ലൈഗിക ചൂഷണത്തിനോ ഇരയാകുന്ന പുരുഷന്മാർക്ക് വേണ്ടത്ര നിയമ സഹായം സമൂഹത്തിൽ നിന്നോ അധികാരികളിൽ നിന്നോ ലഭിക്കാറില്ലെന്ന് പുതിയ പഠനം.ബി.എം.ജെ ഓപ്പൺ എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പങ്കാളിയിൽ നിന്നും ശാരീരികവും മാനസികവുമായ ഉപദ്രവമേൽക്കേണ്ടി വരുന്ന പുരുഷന്മാർക്ക് നിയമ സഹായം തേടുന്നതിനുള്ള തടസമെന്താണെന്നും ഇത് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാമെന്നുമാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
പുരുഷ, സ്ത്രീ പങ്കാളികൾക്കൊപ്പം കഴിയുന്ന നിരവധി പുരുഷന്മാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണ് ഈ പഠനം തയ്യാറാക്കിയത്.താൻ പറയുന്ന കാര്യങ്ങൾ സമൂഹം വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയും, അക്രമിയായി ചിത്രീകരിക്കുമോ എന്ന ഭയവും, അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുന്നതിനുള്ള നാണക്കേടോ, തന്നെ ആണത്തമില്ലാത്തവനായി ചിത്രീകരിക്കുമോ എന്ന ചിന്തയുമാണ് ഗാർഹിക പീഡനത്തെപ്പറ്റി പുരുഷന്മാർ പരാതി നൽകാൻ പൊതുവേ മടിക്കുന്ന പ്രധാന ഘടകങ്ങൾ. തന്റെ പങ്കാളിക്ക് വരുന്ന നാണക്കേട് കരുതിയും ചിലർ പരാതിയിൽ നിന്നും പിന്മാറുന്നു. ഇതിന് പുറമെ തങ്ങളുടെ കുട്ടികളെ ഇനി കാണാൻ കഴിയില്ലെങ്കിലോ എന്ന ഭയവും താൻ ഇരയാക്കപ്പെട്ടുവെന്ന് തിരിച്ചറിയാനുള്ള കഴിവ് ഇല്ലാത്തതും പലരും തങ്ങൾക്ക് നേരിട്ട ദുരനുഭവം തുറന്ന് പറയുന്നതിൽ നിന്നും പിന്മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ തങ്ങൾക്ക് ലഭിക്കാവുന്ന നിയമസഹായത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയും പുരുഷ ഇരയായി തങ്ങളെ ഉയർത്തിക്കാട്ടുന്നതിലെ വിമുഖതയും കാരണവും ചിലർ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നതിൽ നിന്നും പിന്മാറുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ പരിഹരിക്കാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞതിന് ശേഷമാണ് പല പുരുഷന്മാരും ഗാർഹിക പീഡനത്തെക്കുറിച്ചുള്ള പരാതിയുമായി രംഗത്തെത്തുന്നതെന്നും ശ്രദ്ധേയമാണ്. ഗാർഹിക പീഡനത്തിന് ഇരയാവുന്ന പുരുഷന്മാർ മെഡിക്കൽ സഹായം തേടുകയാണെങ്കിൽ പുരുഷ ഡോക്‌ർമാരേക്കാൾ വനിതാ ഡോക്‌ടർമാരെ കാണുന്നതിനാണ് മുൻതൂക്കം നൽകുന്നത്. ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളെപ്പോലെ തന്നെയാണ് ഇതേ അവസ്ഥയിലുള്ള പുരുഷന്മാരും പെരുമാറുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ.ആലിസൺ ഹണ്ട്‌ലീ വ്യക്തമാക്കി.
ഗാർഹിക പീഡനങ്ങൾ തടയാനായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പരിഗണിക്കുന്ന രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും സമിതി നിർദ്ദേശിക്കുന്നു. ലിംഗ, വർഗ വ്യത്യാസമില്ലാതെ ഈ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കണം. നിലവിൽ നൽകുന്ന സഹായങ്ങൾ പരസ്യപ്പെടുത്തണം. ആവശ്യമായവർക്ക് വിദഗ്‌ദ്ധ സേവനം ലഭ്യമാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു.