ചടയമംഗലം: രണ്ട് വർഷം മുമ്പ് കാണാതായ അഞ്ച് പവൻ താലിമാല ചാണകത്തിൽ നിന്ന് കണ്ടെത്തി. തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ താലിമാലയാണ് രണ്ട് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കുറേ അന്വേഷിച്ചെങ്കിലും മാല കിട്ടിയില്ല.
കറുത്ത നിറത്തിലുള്ള ഒരു പശുവാണ് മോഷ്ടാവെന്ന് ദമ്പതികൾക്ക് സംശയമുണ്ടായിരുന്നു. രണ്ട് വർഷത്തിനിപ്പുറം അധ്യാപക ദമ്പതികളായ വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കുമാണ് ചാണകത്തിൽ നിന്ന് മാല ലഭിച്ചത്. കൃഷി ആവശ്യത്തിനായി ആറു മാസം മുമ്പാണ് വീടുകളിൽ നിന്ന് ചാണകം ശേഖരിച്ച് വിൽക്കുന്ന കരിവാളൂർ സ്വദേശി ശ്രീധരനിൽ നിന്ന് അധ്യാപക ദമ്പതികൾ ചാണകം വാങ്ങുന്നത്.
കൃഷി ആവശ്യത്തിനായി എടുക്കുന്നതിനിടെയാണ് ചാണകത്തിൽ നിന്ന് താലി മാല ലഭിക്കുന്നത്. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടർന്ന് ദമ്പതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. കഴിഞ്ഞ ദിവസം ഇല്യാസ് ഇവരെ ഫോണിൽ ബന്ധപ്പെട്ടു. പശുവിനെ ഇല്യാസ് മുമ്പേ വിറ്റിരുന്നു. ഇപ്പോൾ മാല മോഷ്ടാവായ പശു എവിടെയാണെന്ന് ആർക്കുമറിയില്ല. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ മാല തിരിച്ച് നൽകും.