വാഷിംഗ്ടൺ: ഭൂരിഭാഗം രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏതാണ്ട് 15 കോടിയിലേറെ പേർ ഇപ്പോഴും ലോകത്തിന്റെ വിവിധയിടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കഞ്ചാവ് ഏത് കാലഘട്ടത്തിലാണ് മനുഷ്യൻ കണ്ടുപിടിച്ചതെന്ന കാര്യത്തിൽ മാത്രം ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തതയില്ല.പക്ഷേ അടുത്തിടെ ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ കണ്ടെത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. 2500 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യൻ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ഗുഹയിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇക്കാര്യം കണ്ടെത്തിയത്.
ബെയ്‌ജിംഗിലെ ചൈനീസ് അക്കാഡമി ഒഫ് സയൻസിലെ പുരാവസ്‌തു ശാസ്ത്രജ്ഞരായ യാംഗ് യിമിൻ, റെൻ മെഗ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കഞ്ചാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സമിതിയുടെ കണ്ടെത്തലുകൾ സയൻസ് അഡ്‌വാൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശവകുടീരത്തിൽ നിന്ന് ലഭിച്ച തടിക്കഷ്‌ണങ്ങളും കല്ലുകളും ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ള ശാസ്ത്രജ്ഞർ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ശവസംസ്‌കാര ചടങ്ങുകൾക്കാണ് കഞ്ചാവ് അക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ചൂടുള്ള കൽക്കരി, തടി, കല്ല് എന്നിവകളിൽ കഞ്ചാവ് പുരട്ടിയാണ് അന്ന് ഉപയോഗിച്ചിരുന്നത്. പൈപ്പ് സംവിധാനങ്ങൾ ഇല്ലാത്ത അക്കാലത്ത് ഇതായിരുന്നു ഏക മാർഗമെന്നാണ് കരുതുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
അതേസമയം, 28 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ കിഴക്കൻ ടിബറ്റൻ പീഠഭൂമിയിൽ മനുഷ്യൻ കഞ്ചാവിനെ കണ്ടെത്തിയിരുന്നുവെന്ന് കഴിഞ്ഞ മേയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.