kim-jong-nam

വടക്കൻ കൊറിയയുടെ ഏകാധിപതിയായ കിം ജോംഗ് ഉന്നിന് ഒരു സഹോദരൻ ഉണ്ടായിരുനെന്ന് എത്രപേർക്കറിയാം? 1971ൽ ഉന്നിന്റെ അച്ഛനും രാജ്യാധികാരിയുമായിരുന്ന കിം ജോഗ് ഇല്ലിന് മറ്റൊരു സ്ത്രീയിൽ ജനിച്ച ആദ്യ പുത്രനാണ് കിം ജോംഗ് നാം. ചുരുക്കിപ്പറഞ്ഞാൽ കിം ജോംഗ് ഉന്നിന്റെ ജ്യേഷ്ഠസഹോദരനാണ് നാം. തന്റെ അച്ഛനായ ഇൽ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായാണ് എല്ലാവരും നാമിനെ കണ്ടു പോന്നത്. ഇതിന്റെ തുടക്കമെന്നോണം നാമിന് പൊതു സുരക്ഷാ വകുപ്പ് മന്ത്രിയുടെ സ്ഥാനവും ഇൽ നൽകിയിരുന്നു.

എന്നാൽ ഒരിക്കൽ ജപ്പാനിലെ ഡിസ്നിലാൻഡ് കാണാനെത്തിയ നാമിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നുമായിരുന്നു വടക്കൻ കൊറിയയുടെ ഭാവി ഭരണാധികാരിയുടെ പതനത്തിന്റെ തുടക്കം. കള്ളപാസ്പ്പോർട്ട് ഉപയോഗിച്ചാണ് കിം യാത്രചെയ്തതെന്നു പറഞ്ഞ ടോക്യോ പൊലീസ് ഇയാളെ ചൈനയിലോട്ട് നാടുകടത്തി. ഈ സംഭവം കിം ജോംഗ് ഇൽ ഭരണകൂടത്തിന് ഏറെ നാണക്കേട് ക്ഷണിച്ചുവരുത്തി. ഇതിനെ തുടർന്ന് ചൈനയിലേക്ക് യാത്ര ചെയ്യാനിരുന്ന ഇൽ അപമാനം കാരണം ആ യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഈ സംഭവം കാരണം രാജ്യാധികാരി സ്ഥാനത്തേക്കുള്ള നാമിന്റെ പാതയിൽ തടസ്സങ്ങൾ വന്നു പതിക്കാനും ആരംഭിച്ചു.

ഇതിന് ശേഷം നാമിനും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ രാജ്യത്താകമാനം അപവാദ പ്രചാരണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. രാജാവിന്റെ ജാരസന്തതിയായി ജനിച്ച നാമിന് രാജ്യത്തിന്റെ ഭരണാധികാരിയാകാൻ യാതൊരു യോഗ്യതയുമില്ലെന്നായിരുന്നു പ്രധാന പ്രചാരണം. കൊറിയൻ പീപ്പിൾസ് ആർമിയായിരുന്നു ഈ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കിം ജോംഗ് ചുള്ളിന്റെയും, കിം ജോംഗ് ഉന്നിന്റെയും അമ്മയായ കോ യങ് ഹീയെ പിന്തുണച്ചുകൊണ്ടായിരുന്നു ഈ പ്രചാരണം നടന്നത്. ഭരണത്തിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്ന കൊറിയൻ പീപ്പിൾസ് ആർമിയെ പിണക്കാൻ ഭരണാധികാരിയും നാമിന്റെ അച്ഛനുമായ കിം ജോംഗ് ഇല്ലിന് താല്പര്യമുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നാമിന് രാജ്യാധികാരി സ്ഥാനം നഷ്ട്ടപ്പെടുകയും ഇല്ലിന്റെ ഏറ്റവും ഇളയ പുത്രനായ കിംഗ് ജോംഗ് ഉൻ പതുക്കെ ആ സ്ഥാനത്തേക്ക് എത്തിപ്പെടുകയായിരുന്നു.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നാം 2003ലാണ് ചൈനയുടെ അധീനതയിലുള്ള മക്കാവുവിലേക്ക് എത്തിച്ചേരുന്നത്. ഏറെനാൾ ഇവിടെ ചൂതാട്ടവും, മദ്യപാനവുമൊക്കെയായി തന്റെ പ്ലേബോയ് ജീവിതം ആഘോഷിച്ച നാം വടക്കൻ കൊറിയയുമായി തെറ്റി നിൽക്കുന്ന നാം അമേരിക്കയ്ക്ക് പറ്റിയ കൂട്ടാളിയായിരുന്നു. നാമിൽ നിന്നും പല പ്രധാന വിവരങ്ങളും നേടാൻ കഴിയും എന്ന് മനസിലാക്കിയ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ നാമിനെ തങ്ങളുടെ ചാരനായി മാറ്റുകയായിരുന്നു.

ഇതോടെ നാമിനെതിരെയുള്ള വധശ്രമങ്ങളും ആരംഭിച്ചു. ജർമനിയിലെ മ്യൂണിക്കിലെ വിമാനത്താവളത്തിൽ വച്ചാണ് ആദ്യമായി നാമിനുനേരെ വധശ്രമം ഉണ്ടാകുന്നത്. പിന്നീട് പലതവണ പലയിടങ്ങളിലായി ഇത് ആവർത്തിച്ചു. എന്നാൽ 2017ൽ മലേഷ്യൻ വിമാനത്താവളത്തിൽ വച്ച് നടന്ന വധശ്രമത്തിൽ നാമിന്റെ കൊലയാളികൾ വിജയിച്ചു. നാഡീവ്യൂഹത്തെ ബാധിക്കുന്ന വാതകം ശ്വസിച്ചാണ് നാം മരണപ്പെടുന്നത്. നാമിന്റെ മരണത്തിന് പിന്നിൽ സഹോദരൻ ഉൻ തന്നെയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇന്നുവരെ ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഒരുപക്ഷെ, വടക്കൻ കൊറിയയുടെ ഭരണകർത്താവിന്റെ സ്ഥാനത്തേക്ക് നാം എത്തുകയായിരുന്നുവെങ്കിൽ. രാജ്യത്തിന്റെ ഗതി മറ്റൊരു താരത്തിലായേനെ. മുതലാളിത്ത വ്യവസ്ഥിതിയിൽ വിശ്വസിച്ചിരുന്ന നാം രാജ്യത്തെ വ്യവസായ മേഖലയെ ആഗോള നിക്ഷേപകർക്ക് തുറന്നു കൊടുക്കാൻ പദ്ധതിയിട്ടിരുന്നു. മാത്രമല്ല, രാജ്യത്തെ കടുത്ത ഏകാധിപത്യത്തിന് അന്ത്യം കുറിക്കാനും നാമിന് പദ്ധതിയുണ്ടായിരുന്നു. ഇതുകൊണ്ടു കൂടിയാണ് കൊറിയയിൽ ഏകാധിപത്യം നിലനിൽക്കണം എന്നാഗ്രഹിച്ച അദ്ദേഹത്തിന്റെ അച്ഛൻ കിം ജോംഗ് ഇൽ നാമിന് അധികാരം നിഷേധിക്കുന്നത്. നാമും സഹോദരൻ ഉന്നും ഇന്നുവരെ തമ്മിൽ കണ്ടിട്ടില്ല. ഭാവി ഭരണാധികാരികളെ പരസ്‌പരം ഇടപെടാൻ അനുവദിക്കാൻ പാടില്ല എന്നാണ് കീഴ്‌വഴക്കം. എന്നാൽ അച്ഛൻ ഇല്ലിന്റെ മരണസമയത്ത് ഇരുവരും പരസപരം കണ്ടതായി പറയപ്പെടുന്നുണ്ട്.