പാരമ്പര്യത്തിലൂന്നിയ വിശ്വാസമാണ് ആയുർവേദ സോപ്പുകളുടെ അടിത്തറ. നിറത്തിനും മണത്തിനുമുള്ള പ്രാധാന്യത്തിനു പുറമെ ആയുർവേദ സോപ്പുകളോടാണ് ദക്ഷിണേന്ത്യക്കാർ അൽപ്പം കൂടി പ്രാമുഖ്യം കൊടുക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പാണ് മെഡിമിക്‌സ്. ആയുർവേദ സോപ്പെന്നതിൽ ചന്ദ്രിക ഇടംപിടിച്ചപ്പോൾ തൊട്ടുപിറകെ മെഡിമിക്സും രംഗത്തെത്തി. വാക്കുകൾക്കല്ല വിശ്വാസത്തിലായിരുന്നു ഇവ വിപണി കീഴടക്കിയത്.
എല്ലാത്തിനും മെഷീനുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് യന്ത്രങ്ങൾക്കൊപ്പം നിൽക്കുന്ന വേഗതയിൽ കൈകൊണ്ട് സോപ്പുണ്ടാക്കി, പായ്ക്ക് ചെയത്, സീൽ ചെയ്തിറക്കുന്ന ജീവനക്കാരാണ് തങ്ങൾക്കുള്ളതെന്ന് മെഡിമിക്‌സിന്റെ നിർമാതാക്കളായ എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റർ ഡോ. എ വി അനൂപ് പറയുന്നു. ലോകത്തെ മലയാളികളിൽ ഇടംപിടിക്കുന്ന മെഡിമിക്‌സ് ഇന്ത്യൻ ഹോട്ടലുകളിലെ ബാത്ത് റൂം കിറ്റിലെ സ്ഥിരം താരമാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളിലും മെഡിമിക്‌സിന്റെ മിനി സോപ്പിനെ കാണാം.
മെഡിമിക്‌സ് മിനി സോപ്പ്?
മെഡിമിക്‌സ് സോപ്പിന്റെ ബാറുൾ 75 ഗ്രാം ഭാരത്തിലുള്ള സോപ്പുകളായി മുറിക്കുമ്പോൾ കുറേയേറെ ചെറിയ സോപ്പ് കഷണങ്ങൾ ബാക്കി വരുമായിരുന്നു. ”വിപണിയിലുള്ള സോപ്പുകളുടെ ഭാരത്തിലുള്ളവയായിരുന്നില്ല ഇവ. എന്നാൽ, അതിൽ കുറഞ്ഞ അളവിലുള്ള മിനി സോപ്പ് നിർമിക്കാനും സാധിക്കുമായിരുന്നു. പക്ഷേ മിനി സോപ്പ് എവിടെ വിൽക്കും? വെറുതെ സാംപ്ലിംഗിന് മാത്രമായി വിനിയോഗിക്കാതെ അതിൽ നിന്നും പുതിയൊരു വിപണി കൂടി കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്,” ഡോ. എ. വി അനൂപ് പറയുന്നു.
ഇതിന്റെ ഭാഗമായി മെഡിമിക്‌സ് മിനി സോപ്പിന് മാത്രമായി ചെറിയൊരു മാർക്കറ്റിംഗ് ടീമിനെ നിയോഗിച്ചു. ”1990കളുടെ ആദ്യ വർഷങ്ങളിലായിരുന്നു അത്. 100 ഹോട്ടലുകളുകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അല്ലെങ്കിൽ അത്രയും ഹോട്ടൽ ലഭിച്ചാൽ വിജയിച്ചുവെന്നാണ് ഞങ്ങൾ ചിന്തിച്ചത്. ഇന്ന് 6000ത്തിലധികം ഹോട്ടലുകളിൽ മെഡിമിക്‌സ് മിനി സോപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
50-ാം വാർഷിക നിറവിൽ
പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്ന, ജനപ്രിയ ആയുർവേദ സോപ്പായ മെഡിമിക്‌സിന്റെ നിർമ്മാതാക്കൾ എ.വി.എ ഗ്രൂപ്പ് 50-ാം വാർഷിക നിറവിലാണ്. മലയാളിയും ഇന്ത്യൻ റെയിൽവേയിൽ ഡോക്‌ടറുമായിരുന്ന വി.പി. സിദ്ധൻ 1969ലാണ് ചെന്നൈയിൽ മെഡിമിക്‌സ് സോപ്പിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2007ൽ, അദ്ദേഹത്തിന്റെ അനന്തരവൻ ഡോ.എ.വി. അനൂപിന്റെ നേതൃത്വത്തിൽ എ.വി.എ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു.
ഇപ്പോൾ സോപ്പിന് പുറമേ ഹാൻഡ് വാഷ്, സോപ്പ് ശ്രേണിയിൽ ഗ്ളിസറിൻ, ചന്ദന വേരിയന്റുകൾ, എഫ്.എം.സി.ജി മേഖലയിൽ കെയ്‌ത്ര, ഭക്ഷ്യോത്‌പന്ന രംഗത്തെ മേളം ബ്രാൻഡുകളും ഗ്രൂപ്പിനുണ്ട്. ദക്ഷിണേന്ത്യയാണ് എ.വി.എ ഗ്രൂപ്പിന് കീഴിലുള്ള മെഡിമിക്‌സിന്റെ വിപണി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലായി ആറു പ്ളാന്റുകളുണ്ട്. ഹാൻഡ്-മെയ്ഡ് സോപ്പ് വിഭാഗത്തിൽ ഗ്രൂപ്പിന്റെ വിപണി വിഹിതം 4-6 ശതമാനമാണെന്നും ആയുർവേദ വിഭാഗത്തിൽ മാർക്കറ്റ് ലീഡറാണെന്നും ഡോ. എ.വി. അനൂപ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടുവർഷത്തിനകം ബോഡിവാഷ്, ഷാംപൂ, ഹെയർ ഓയിൽ എന്നിവ വിപണിയിലേക്ക് കഴിഞ്ഞവർഷം 300 കോടി രൂപയായിരുന്നു ഗ്രൂപ്പിന്റെ വിറ്റുവരവ്. 2020ൽ ഇത് 500 കോടി രൂപയിലെത്തും. മൂന്നുവർഷം മുമ്പ് ഗ്രൂപ്പ് ഏറ്റെടുത്ത മേളത്തിന്റെ വിറ്റുവരവ് 30 കോടി രൂപയിൽ നിന്ന് ഈവർഷം 50 കോടി രൂപയിലെത്തും. രണ്ടുവർഷത്തിനകം ബോഡിവാഷ്, ഷാംപൂ, ഹെയർ ഓയിൽ എന്നിവയും വിപണിയിലെത്തിക്കും. ആയുർവേദത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ഗ്രൂപ്പ് കാക്കനാട് നിർമ്മിച്ച സഞ്ജീവനം ആയുർവേദ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി നിലനിൽക്കുകയാണ് എ.വി.എ ഗ്രൂപ്പിന്റെ ലക്ഷ്യം. 50-ാം വാർഷികത്തിന്റെ ഭാഗമായി, പ്ളാന്റുകൾ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഒരുവർഷം നീളുന്ന 50-ാം വാർഷികം സഹോദര ഗ്രൂപ്പായ ചോലയിലുമായി ചേർന്നായിരിക്കും ആഷോഘിക്കുകയെന്നും ഡോ. അനൂപ് പറഞ്ഞു. ഡയറക്‌ടർ വിവേക് വേണുഗോപാലും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.