palarivattom-fly-over

തിരുവനന്തപുരം: പാലാരിവട്ടത്തിലേത് അടക്കമുള്ള അഴിമതികൾ തുറന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്ക് യു.ഡി.എഫിൽ നിന്ന് പുറത്തുപോകേണ്ടി വന്നതെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോട് തെളിവുകൾ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതി നൽകിയതിന്റെ പേരിൽ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നു. സംസ്ഥാനത്ത് അഴിമതി നടത്താനായി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ട കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. പാലാരിവട്ടം പാലം നിർമാണത്തിൽ ആവശ്യമായ സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹീം കു‌ഞ്ഞ് അറിയാതെ പാലാരിവട്ടം പാലത്തിൽ അഴിമതിയൊന്നും നടക്കില്ല. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന മറ്റ് പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിർമിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും അന്വേഷിക്കണം. പാലാരിവട്ടം പാലം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014ലാണ് പാലത്തിന് തറക്കല്ലിടുന്നത്. 72 കോടി രൂപ മുതൽമുടക്കിൽ രണ്ട് വർഷം കൊണ്ട് നിർമ്മിക്കാനായിരുന്നു പ്ലാൻ. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം 2016 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 41.27 കോടി രൂപയാണ് ഫ്ളൈ ഓവറിന്റെ നിർമ്മാണച്ചെലവ്. ഇതിൽ 34 കോടി മാത്രമാണ് കരാറുകാരന് കൊടുത്തത്. നിർമ്മാണത്തിൽ തകരാർ കണ്ടെത്തിയതിനാൽ ബാക്കി തുക നൽകിയിരുന്നില്ല. ആർ.ഡി.എസ് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ കരാർ. ടോൾ ഒഴിവാക്കാൻ ദേശീയപാത അതോറിട്ടിയെ മാറ്റിനിർത്തി സർക്കാർ നിർമാണ ചുമതല ഏൽപ്പിച്ചത് കേരള ബ്രിഡ്ജസ് ആൻഡ് കോർപ്പറേഷനെയായിരുന്നു. ഇവരാണ് ആർ.ഡി.എസിന് കരാർ നൽകിയത്.