മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ലഡു. മഞ്ഞ, ഓറഞ്ച് എന്നീ നിറത്തിൽ എല്ലാ ബേക്കറികളിലും കൊതിയൂറും ലഡുകൾ സുലഭമാണ്. എന്നാൽ കാരറ്റും തേങ്ങയും ചേർത്ത ഒരു അടിപൊളി ലഡു നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നമുക്ക് ഈസിയായി വീട്ടിലുണ്ടാക്കാം. നമ്മുടെ വിപണിയിൽ കിട്ടുന്ന അത്യാവശ്യം സാധനങ്ങൾ ഉപയോഗിച്ച് നല്ല സ്വാദിഷ്ടമായ ലഡു വീട്ടിൽ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കാരറ്റ് – നാലെണ്ണം
നെയ്യ് – രണ്ടര വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂൺ, നുറുക്കിയത്
പാൽ – മൂന്നു വലിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
തയ്യറാക്കേണ്ട വിധം
ആദ്യം തന്നെ കാരറ്റ് തൊലി കളഞ്ഞു തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വയ്ക്കുക. ഇതിനുശേഷം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിൽ കാരറ്റ് ചേർത്തു ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം. ഇതിലേക്കു പാൽ ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയശേഷം തേങ്ങ ചുരണ്ടിയതു ചേർത്തിളക്കുക. ഇനി കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടൻസ്ഡ് മിൽക്ക് വറ്റി വരുന്നതാണു പാകം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക. പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില‍്‍ പൊതിഞ്ഞു പാത്രത്തിൽ നിരത്തിയോ പേപ്പർ കപ്പിൽ വച്ചോ വിളമ്പാം.