ഏതാനും വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലേക്കുള്ള ഒരു യാത്രയിലാണ് ബ്രിട്ടീഷുകാരനായ ആംഗസ് ടെനൂണിന് ഇന്ത്യൻ ഭക്ഷണം പ്രിയപ്പെട്ടതാകുന്നത്. ജൽമുരി എന്ന ഉത്തരേന്ത്യൻ 'പൊരി'യാണ് ഷെഫായ ആംഗസിന് ഏറ്റവും ഇഷ്ടപ്പെട്ടത്. ബംഗാളിലാണ് ഈ ഭക്ഷണം ഏറ്റവും പ്രചാരത്തിലുള്ളത്. ഇംഗ്ളണ്ടിൽ തിരിച്ചെത്തിയ ആംഗസ് ആദ്യം ചെയ്തത് ലണ്ടനിൽ ഒരു 'ജൽമുരി' എക്സ്പ്രസ്സ് സ്റ്റാൾ തുറക്കുകയാണ്.അങ്ങനെ ഇന്ത്യൻ ഭക്ഷണത്തിന്റെ രുചി ബ്രിട്ടിഷ് നാവുകളിലേക്കും എത്തിക്കാൻ ആംഗസിന് കഴിഞ്ഞു.
bhery bhel done 🤣 https://t.co/xMNpRT8ZCe
— Amitabh Bachchan (@SrBachchan) June 11, 2019
എന്നാൽ ഇതിന്റെ പേരിലൊന്നുമല്ല ആംഗസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേൾഡ് കപ്പ് വേദിയായ ഓവൽ സ്റ്റേഡിയത്തിനരികെ ഒരു ജൽമുരി സ്റ്റാൾ ഇട്ടിരിക്കുകയാണ് ആംഗസ്. സ്റ്റാൾ തുറന്ന് നിമിഷനേരം കൊണ്ട് ഈ പുതിയ ഭക്ഷണം ആസ്വദിക്കാൻ നിരവധി ക്രിക്കറ്റ് ആരാധകരും എത്തി.
ചുരുക്കിപ്പറഞ്ഞാൽ ആംഗസിന്റെ ജൽമുരി സ്റ്റാൾ അൽപ്പനേരം കൊണ്ട് തന്നെ വൻ ഹിറ്റായി. ഇതിനിടയിൽ ആംഗസ് ജൽമുരി ഉണ്ടാക്കുന്ന വീഡിയോയും ഒരാൾ ഷൂട്ട് ചെയ്ത് ട്വിറ്ററിൽ ഇട്ടു. ഇന്ത്യൻ ഭക്ഷണത്തിന് പ്രചാരം നൽകുന്ന ബ്രിട്ടീഷുകാരനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ഇന്ത്യക്കാർ ട്വിറ്ററിലൂടെ രംഗത്തെത്തി. ബോളിവുഡിലെ 'ബിഗ് ബി' അമിതാഭ് ബച്ചനാണ് ആംഗസിന് അഭിനന്ദനം അറിയിച്ചെത്തിയവരിൽ പ്രമുഖൻ.
പൊരി, തക്കാളി, ക്യാരറ്റ്, സവോള, കറിക്കൂട്ട്, ശർക്കര, എന്നിവ കൂട്ടിചേർത്ത്, പാകം ചെയ്യാതെയാണ് ജൽമുരി ഉണ്ടാക്കുന്നത്. ബംഗാളിലും കർണാടകയിലും ഏറെ പ്രചാമുള്ള സ്ട്രീറ്റ് ഫുഡാണ് ജൽമുരി. ഈ ബംഗാൾ 'കടി'യോടൊപ്പം ഒരു 'കട്ടിങ്' ചായ കൂടിയായാൽ സംഗതി അടിപൊളിയാവും.