കൊച്ചി: ജിക്‌സർ ശ്രേണിയിൽ സുസുക്കി ഒരുക്കിയ പുത്തൻ ബൈക്കുകളായ ജിക്‌സർ എസ്.എഫ് 250, എസ്.എഫ് 150 എന്നിവ കേരള വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ കൺട്രി ഹെഡ് കൊയിചിറോ ഹിറാവോ, വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട എന്നിവർ ചേർന്ന് ബൈക്കുകൾ വിപണിയിലിറക്കി.
ആകർഷകമായ എയറോഡൈനാമിക് ഡിസൈൻ, എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഹാൻഡിൽ ബാറിലെ ക്ളിപ്പ്, സ്‌പ്ളിറ്റ് സീറ്റ്, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റേഷൻ, മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന - സുസുക്കിയുടെ പുതിയ എസ്.ഒ.സി.എസ് എൻജിൻ, ഡ്യുവൽ ചാനൽ എ.ബി.എസ് തുടങ്ങിയ മികവുകളാൽ സമ്പന്നമാണ് ഇരു മോഡലുകളും. മൂന്നു നിറഭേദങ്ങളിൽ ലഭിക്കുന്ന ജിക്‌സർ എസ്.എഫ് 250ന് 1.70 ലക്ഷം രൂപയും രണ്ടു നിറഭേദങ്ങളുള്ള എസ്.എഫ് 150ന് 1.09 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
നിലവിൽ ബി.എസ്-4 അധിഷ്‌ഠിത എൻജിനുകളാണ് ഇവയ്‌ക്കുള്ളത്. നടപ്പു സാമ്പത്തിക വർഷാന്ത്യത്തോടെ കമ്പനിയുടെ എല്ലാ മോഡലുകളിലും ബി.എസ്-6 എൻജിൻ ഉറപ്പാക്കുമെന്ന് ദേബാശിഷ് ഹണ്ട പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി 30 ശതമാനം വീതം വളർന്ന കമ്പനിയുടെ മൊത്തം ബിസിനസിൽ എട്ട് ശതമാനമാണ് കേരളത്തിന്റെ പങ്ക്. കയറ്റുമതി ഉൾപ്പെടെ കഴിഞ്ഞവർഷം 8.7 ലക്ഷം യൂണിറ്റുകളായിരുന്നു സുസുക്കിയുടെ മൊത്തം വില്‌പന. ഈവർഷം ലക്ഷ്യം 9.7 ലക്ഷം യൂണിറ്റുകളാണ്.