ദുബായ്: ഒമാൻ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം.നോർവേ, തായ്വാൻ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായി അമേരിക്കയും ബ്രിട്ടനും സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് കപ്പലുകളിൽ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽ പടയിലെ പടക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചു. സംഭവത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ഇന്നലെ സൗദി അറേബ്യൻ നഗരമായ അബഹയിലെ വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വംശജ അടക്കം 26 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം, ആക്രമണത്തിന് ഇരയായ കൊക്കുവ കറേജസ്, ഫ്രണ്ട് ആൽടയർ എന്നീ കപ്പലുകളിൽ നിന്നുള്ള 41 ജീവനക്കാരെ ഇറാനിയൻ സേന സുരക്ഷിതമായി രക്ഷിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ജാസ്ക് തുറമുഖത്ത് എത്തിച്ചതായും ഇറാൻ മാദ്ധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള സഖ്യരാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ നിഷേധിച്ചിട്ടുണ്ട്. അതിനിടെ തങ്ങൾക്ക് പ്രാദേശിക സമയം രാവിലെ 6.12നും 07.00 മണിക്കും രണ്ട് കപ്പലുകളിൽ നിന്നും അപായ സന്ദേശം ലഭിച്ചതായി ബഹ്റിനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.ഉടൻ തന്നെ അമേരിക്കൻ പടക്കപ്പലായ യു.എസ്.എസ് ബയ്ൻബ്രിഡ്ജ് ഇവിടെത്തി കപ്പലുകൾക്ക് സംരക്ഷണം നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
എന്നാൽ നോർവെയുടെ കൊക്കുവ കറേജസ്കപ്പലിലുണ്ടായിരുന്ന 21 പേർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൗദി സഖ്യസേനാ വൃത്തങ്ങൾ പറയുന്നത്. സമീപമുണ്ടായിരുന്ന കോസ്റ്റൽ എയ്സ് എന്ന കപ്പലാണ് ഇവർക്ക് സഹായവുമായെത്തിയത്. കപ്പലിലെ ഒരാൾക്ക് ചെറിയ പരിക്കുണ്ടെന്നും കപ്പൽ ഉടമകളായ ബി.എസ്.എം ഷിപ് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കപ്പൽ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറിലുള്ള മെഥനോൾ സുരക്ഷിതമാണ്. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പൽ. തായ്വാന്റെ ദേശീയ എണ്ണ കോർപറേഷനായ സി.പി.സി കോർപിന്റെ എണ്ണ ടാങ്കറിന് നേരെയാണ് മറ്റൊരു ആക്രമണമുണ്ടായത്. ഫ്രണ്ട് ആൽടയർ എന്ന കപ്പലിൽ 75,000 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. ടോർപിഡോ ആക്രമണമാണ് നടന്നതെന്നാണ് സൂചന. യു.എ.ഇയിലെ റുവൈസിൽ നിന്ന് മടങ്ങുകയായിരുന്നു കപ്പൽ.
അതിനിടെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിപണിയിൽ വൻ വർദ്ധനവുണ്ടായി.മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണവരവ് തടസപ്പെടുമോ എന്ന ആശങ്കയാണ് എണ്ണവിലവർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.