red-61

''യ്യോ... എന്റെ കാർ..."

അറിയാതൊരു ശബ്ദം എം.എൽ.എ ശ്രീനിവാസ കിടാവിന്റെ തൊണ്ടയിൽ കുരുങ്ങി വീണു.

ചന്ദ്രകലയ്ക്കും പ്രജീഷിനും ചലിക്കുവാൻ പോലും കഴിഞ്ഞില്ല.

മുന്നിൽ ആകാശത്തേക്കുയരുന്ന തീ.. കച്ചിത്തുറുവിനു തീ പിടിച്ചതുപോലെ....

കരിയില പോലെ കത്തിയെരിയുകയാണ് കിടാവിന്റെ ബൻസ് കാർ.

അതിന്റെ കഠിനമായ ചൂട് കോവിലകത്തിന്റെ അവർ നിൽക്കുന്ന ഭാഗം വരെയെത്തി.

''ഇതെങ്ങനെ സംഭവിച്ചു?" പ്രജീഷ് ചകിതനായി.

''അറിയില്ല. ഒരു പക്ഷേ ആരെങ്കിലും തീയിട്ടതാവും." കിടാവ് മന്ത്രിച്ചു.

അയാളുടെ മനസ്സിൽ അനന്തഭദ്രന്റെയും ബലഭദ്രന്റെയും മുഖങ്ങൾ മിന്നി.

കിടാവ് പെട്ടെന്നു ഫോൺ എടുത്തു. ആദ്യം ഫയർ ഫോഴ്സിനും അതുകഴിഞ്ഞ് നിലമ്പൂർ സി.ഐ ഋഷികേശിനും വിവരം നൽകി. തുടർന്നു മുറ്റത്തേക്കിറങ്ങി അകന്നു നിന്നു.

പ്രജീഷും ചന്ദ്രകലയും കൂടി അയാൾക്കരുകിലേക്കു ചെന്നു.

കാറിന്റെ അടുത്തേക്ക് ചെല്ലാനാവാത്ത അവസ്ഥയാണ്.

കിടാവിന്റെ തലച്ചോർ പഴുത്തു. തനിക്ക് അത്യാവശ്യം വേണ്ട കുറെ ഫയലുകളും പെൻഡ്രൈവുകളും അടക്കമാണ് ദഹിച്ചു കൊണ്ടിരിക്കുന്നത്...

പത്തു മിനിട്ട്.

ഫയർ വാഗണിന്റെ മൂളൽ അകലെ കേട്ടു.

പ്രജീഷ് ചെന്ന് ഗേറ്റു മലർക്കെ തുറന്നിട്ടു.

കാതുകളിൽ പ്രകമ്പനം തീർത്ത് ഫയർ വാഗൺ കോവിലകത്തിന്റെ മുറ്റത്തേക്ക് ഇരച്ചുകയറി ബ്രേക്കിട്ടു.

ഉദ്യോഗസ്ഥർ ചാടിയിറങ്ങി. ഹോസിന്റെ അഗ്രം വണ്ടിയിൽ പിടിപ്പിച്ചു. അടുത്ത അഗ്രവുമായി കാറിനടുത്തേക്കു നീങ്ങി.

ഒരാൾ ടാപ്പു തുറന്നു.

ചത്തതു പോലെ കിടന്നിരുന്ന ഹോസ് രക്തം കുടിച്ച കുളയട്ടയെപ്പോലെ വീർത്തു...

അതിശക്തമായി കാറിലേക്ക് വെള്ളം പമ്പു ചെയ്യപ്പെട്ടു.

പഴുത്ത ലോഹത്തിൽ വെള്ളം വീണപ്പോൾ വല്ലാത്തൊരു ശബ്ദമുയർന്നു....

ക്രമേണ തീ അണഞ്ഞു തുടങ്ങി. അതിനനുസരിച്ച് കാറിന് ഒരു വികൃതരൂപം ആയിക്കൊണ്ടിരുന്നു....

അവസാനം...

ഫയർഫോഴ്സുകാർ വെള്ളം ചീറ്റുന്നതു നിർത്തി. കാറിന്റെ ഗ്ളാസുകൾ ഉൾപ്പെടെ ഉരുകിപ്പോയിരുന്നു. ചെകുത്താൻ വാ പിളർക്കുന്നതു പോലെ ഇടയ്ക്കിടെ ടയറുകളിൽ തീ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു...

പഴുത്ത ലോഹത്തിൽ നിന്നു പുകയും..

പെട്ടെന്ന് ഗേറ്റിനു മുന്നിൽ ഒരു ബൊലേറോ ബ്രേക്കിട്ടു.

പോലീസ്.

സി.ഐ ഋഷികേശും എസ്.ഐയും നാല് കോൺസ്റ്റബിൾമാരും ചാടിയിറങ്ങി. അപ്പോഴേക്കും തീ അണഞ്ഞു.

സി.ഐ ഋഷികേശ്, കിടാവിന്റെ മുന്നിലെത്തി.

''ഇതെങ്ങനെ സംഭവിച്ചു സാർ?"

''അറിയില്ല." കിടാവ് കൈമലർത്തി. ''ഞങ്ങൾ കാണുമ്പോൾ തീകൊണ്ട് കാർ പൊതിയപ്പെട്ടിരുന്നു."

ഋഷികേശ് ഒന്നു മൂളി.

''നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന് ചുമ്മാതങ്ങ് തീ പിടിക്കില്ല. പ്രത്യേകിച്ചും ബൻസിന്. ആം ഷുവർ സാർ. ഇതൊരു നോർമൽ കേസ് അല്ല. എ പ്ളാൻഡ് അറ്റാക്ക്."

പക്ഷേ അത് വിശ്വസിക്കുവാൻ ആർക്കുമായില്ല.

''അല്ല സാർ..." ചന്ദ്രകല തീർത്തു പറഞ്ഞു.

''ഈ കോവിലകത്തിന്റെ മുറ്റത്തുവച്ച് കാറിനു തീയിടാൻ ഒരുത്തനും ധൈര്യം കാണിക്കില്ല."

ചന്ദ്രകലയെ നോക്കിക്കൊണ്ട് ഋഷികേശ് ഒന്നു ചിരിച്ചു. പിന്നെ കീഴ്‌ചുണ്ടു നുണഞ്ഞു കാണിച്ചു.

കിടാവിന്റെ ഫാം ഹൗസിലെ അനുഭവം അയാൾ ഓർക്കുകയാണെന്ന് ചന്ദ്രകലയ്ക്ക് ഉറപ്പായി.

ഫയർഫോഴ്സ് സംഘം മടങ്ങി.

ഋഷികേശ്, കിടാവിനെ നോക്കി.

''സാറിനു പിന്നെ ശത്രുക്കൾക്കു കുറവൊന്നുമില്ലല്ലോ.. അവരിൽ ആരെങ്കിലുമാവാം ഇത് ചെയ്തത്. സാറിന് അങ്ങനെ പറയാൻ പറ്റിയ പേരുകളുണ്ടോ.."

കിടാവ് ഒരു നിമിഷം ചിന്തിച്ചു. പിന്നെ പറഞ്ഞു.

''ഉണ്ട്. ഈ കോവിലകത്തിന്റെ ഉടമസ്ഥൻ രാമഭദ്രന്റെ സഹോദരങ്ങൾ... അനന്തഭദ്രനും ബലഭദ്രനും."

സി.ഐ കടുപ്പിച്ചു മൂളി.

അവരുടെ കാര്യം ഞാൻ നോക്കിക്കോളാം. സാറ് ധൈര്യമായിരിക്ക്."

അയാൾ പെട്ടെന്ന് പോലീസുകാരെയും കൂട്ടി ബൊലേറോയിൽ കയറി.

അതിനിടെ ഇത്രയും കൂടി പറഞ്ഞു:

''സാറ് ഒരു റിട്ടേൺ കംപ്ളയിന്റ് തയ്യാറാക്കി സ്റ്റേഷനിൽ എത്തിക്കണം. അവന്മാരെ ഇന്നുതന്നെ ഞാൻ പൊക്കിയിരിക്കും. അനന്തഭദ്രനെയും ബലഭദ്രനെയും. തമ്പുരാക്കന്മാരുടെ കാലം കഴിഞ്ഞ കാര്യം ശരിക്ക് അവരെ ഓർമ്മപ്പെടുത്തുന്നുണ്ട് ഞാൻ."

കോവിലകത്തിന്റെ മുറ്റത്ത് വെട്ടിത്തിരിഞ്ഞ ബൊലേറോ ഇടിമിന്നൽ പോലെ പാഞ്ഞുപോയി...

തളർച്ചയോടെ കിടാവ് വരാന്തയിൽ കയറി ഒരു ചൂരൽ കസേരയിലിരുന്നു.

തന്നോട് ഇത് ചെയ്തത് ആരായാലും ഒരു പഴയ കാർ വാങ്ങി അതിനുള്ളിലിട്ടു പച്ചയ്ക്കു കത്തിക്കുമെന്ന് കിടാവ് മനസ്സിൽ ഉറപ്പിച്ചു.

(തുടരും)