കോഴിക്കോട്ടും ഉടൻ സാന്നിദ്ധ്യമറിയിക്കും
കൊച്ചി: മത്സ്യ-മാംസാദികളുടെ ഓൺലൈൻ വില്‌പന രംഗത്തെ പ്രമുഖരും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോം.കോം 80 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. ഷാർജയിലെ ക്രസന്റ് എന്റർപ്രൈസസിന്റെ കോർപ്പറേറ്റ് വെഞ്ച്വർ കാപ്പിറ്റൽ പ്ളാറ്റ്‌ഫോമായ സി.ഇ. വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപമെന്ന് സ്ഥാപക സി.ഇ.ഒ ഷാനവാസ് കടവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ മത്സ്യം, കോഴി തുടങ്ങിയവയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫാമിംഗ് വിപുലമാക്കാനും പുതിയ വിപണികളിലേക്ക് കടക്കാനും നിക്ഷേപം പ്രയോജനപ്പെടുത്തും.
2015ൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഫ്രഷ് ടു ഹോമിന് ബംഗളൂരു, ഡൽഹി, ഗുഡ്‌ഗാവ്, നോയിഡ, ചെന്നൈ, പൂനെ, മുംബയ്, ദുബായ്, കൊച്ചി, തിരുവനന്തപുരം, തൃശൂർ, ചേർത്തല തുടങ്ങിയയിടങ്ങളിലായി അഞ്ചുലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. പ്രതിദിനം 8,000 ഓർഡറുകൾ ലഭിക്കുന്നു. അതിൽ 80 ശതമാനം മൊബൈൽ ആപ്പിലൂടെയും ബാക്കി വെബ്‌സൈറ്റ് വഴിയുമാണ്. കേരളത്തിൽ കഴിഞ്ഞവർഷം 25 മടങ്ങ് വില്‌പന വളർച്ച നേടി. ഒരാഴ്‌ചയ്ക്കകം കോഴിക്കോട്ടും പ്രവർത്തനം തുടങ്ങും.
150 കോടി രൂപയാണ് വിറ്റുവരവ്. ഇതിൽ, 15-20 ശതമാനം കേരളത്തിൽ നിന്നാണ്. ഫ്രഷും കെമിക്കലുകൾ ഇല്ലെന്നതുമാണ് കമ്പനിയുടെ ഉത്‌പന്നങ്ങളുടെ പ്രത്യേകത. മത്സ്യം കേരളത്തിൽ നിന്നും കോഴി കർണാടകയിൽ നിന്നും മട്ടൺ രാജസ്ഥാനിൽ നിന്നുമാണ് കമ്പനി വാങ്ങുന്നത്. 1,500 ഓളം മത്സ്യ കർഷകർ കമ്പനിക്കൊപ്പം പ്രവർത്തിക്കുന്നു. ഒരുമാസത്തിനകം കേരളത്തിൽ പഴം, പച്ചക്കറികളുടെ ഓൺലൈൻ വില്‌പനയും തുടങ്ങും. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് ഇതുള്ളത്. സി.ഒ.ഒ മാത്യു ജോസഫ്, കേരള ഓപ്പറേഷൻസ് ഹെഡ് അജിത് നായർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.