ന്യൂഡൽഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കുന്ന 'ഗഗൻയാൻ' ദൗത്യത്തിന്റെ തുടർച്ചയായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയവും സ്ഥാപിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മൂന്ന് സഞ്ചാരികളുമായി ഗഗൻയാൻ 2022ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ വിക്ഷേപിക്കും. തുടർന്ന് ഏഴ് വർഷത്തിനകം ബഹിരാകാശ നിലയം യാഥാർത്ഥ്യമാകും.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിച്ചിരുന്നു. നിലവിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയം അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കൺസോർഷ്യമാണ് നടത്തുന്നത്. സ്വന്തം നിലയത്തോടെ ഈ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തും. ഭാവിയിൽ അന്താരാഷ്‌ട്ര സഹകരണത്തോടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കുന്ന ദൗത്യത്തിലും ഇന്ത്യ പങ്കാളിയാവും.
ഇന്ത്യ സമീപഭാവിയിൽ നടത്തുന്ന സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ശുക്രൻ ദൗത്യങ്ങൾ പത്രസമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗും പ്രഖ്യാപിച്ചു.
ബഹിരാകാശ നിലയം
2030ൽ ബഹിരാകാശ നിലയം വിക്ഷേപിക്കും
20 ടൺ ഭാരമുള്ള ചെറിയ മൊഡ്യൂൾ ആയിരിക്കും
400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ
ശാസ്‌ത്രജ്ഞർ നിലയത്തിൽ താമസിച്ച് പരീക്ഷണങ്ങൾ നടത്തും
തുടക്കത്തിൽ ശാസ്‌ത്രജ്ഞർക്ക് 15-20 ദിവസം കഴിയാനുള്ള സൗകര്യം
ഭാവിയിൽ ദീർഘകാല സൗകര്യങ്ങൾ
ഭൂമിയിൽ നിന്ന് ചെല്ലുന്ന പേടകങ്ങൾ ഡോക്ക് ചെയ്യാനുള്ള സൗകര്യം
നിലയം ഇന്ത്യയുടേത് മാത്രമാകും. മറ്റ് രാജ്യങ്ങളുടെ സഹകരണം തേടില്ല
സ്‌പേസ് ടൂറിസം പോലുള്ള ദൗത്യങ്ങൾ മുന്നിലില്ല.
ഇന്ത്യയുടെ മറ്റ് ദൗത്യങ്ങൾ
ചന്ദ്ര പര്യവേക്ഷണത്തിന് ചന്ദ്രയാൻ - രണ്ട്
ബഹിരാകാശ മനുഷ്യ ദൗത്യം - ഗഗൻയാൻ
സൂര്യപഠനത്തിന് ഉപഗ്രഹം - ആദിത്യ മിഷൻ
ശുക്രനെ പഠിക്കാൻ ഉപഗ്രഹം - വീനസ് മിഷൻ
ചന്ദ്രയാൻ - 2:
അമരത്ത്
2 വനിതകൾ
അടുത്തമാസം വിക്ഷേപിക്കുന്ന ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ചുമതല രണ്ട് വനിതാ ശാസ്‌ത്രജ്ഞർക്കായിരിക്കും. പ്രോജക്‌ട് ഡയറക്ടർ എം. വനിത, മിഷൻ ഡയറക്ടർ ഋതു കാരിദാൽ എന്നിവർ.
എം. വനിത
തമിഴ്‌നാട് സ്വദേശി. ഐ.എസ്.ആർ.ഒയുടെ ഒരു ദൗത്യത്തിന്റെ പ്രോജക്‌ട് ഡയറക്ടർ ആകുന്ന ആദ്യ വനിത. ഡിസൈൻ എൻജിനിയറാണ്. 2006ൽ മികച്ച ശാസ്‌ത്രജ്ഞയ്‌ക്കുള്ള ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പുരസ്കാരം നേടിയിട്ടുണ്ട്.
ഋതു കാരിദാൽ
ഉത്തർപ്രദേശ് സ്വദേശി. എയ്റോ സ്പേസ് എൻജിനിയറാണ്. ഇന്ത്യയുടെ റോക്കറ്റ് വനിത എന്ന് അറിയപ്പെടുന്നു. ഇന്ത്യയുടെ ചൊവ്വ ദൗത്യം മംഗൾയാനിന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറായിരുന്നു. 2007ൽ ഐ.എസ്.ആർ.ഒയുടെ യുവ ശാസ്‌ത്രജ്ഞ അവാർഡ് നേടി. ഡോ. എ.പി.ജെ. അബ്ദുൾ കലാം ആണ് അവാർഡ് സമ്മാനിച്ചത്.