priyanka

ലക്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ, പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്ത പ്രവർത്തകരെ കണ്ടെത്തുമെന്ന് പ്രിയങ്ക പറഞ്ഞു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. സോണിയാ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.

റായ്ബറേലിയിലേത് സോണിയാ ഗാന്ധിയുടെ വിജയമാണ്. ജയിച്ചത് റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയോടെയാണ്. അല്ലാതെ കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയല്ല. ഈ സത്യം പറയാതിരിക്കാനാവില്ല -പ്രിയങ്ക പറഞ്ഞു.

പാർട്ടിയിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് വിജയക്കൊടി ഉയർത്താനായത്. തൊട്ടടുത്ത മണ്ഡലമായ അമേതിയിൽ സഹോദരനും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.