സ്വർണ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുമെന്ന് എ.കെ.ജി.എസ്.എം.എ
കൊച്ചി: സ്വർണ മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്‌ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള രേഖകളനുസരിച്ച് 2017-18ൽ 394.06 കോടി രൂപയും 2018-19ൽ 327.02 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
വാറ്റ് കാലഘട്ടത്തിൽ 95 ശതമാനം വ്യാപാരികളും കോമ്പൗണ്ടിംഗ് നികുതിയടച്ചു. അയൽ സംസ്‌ഥാനങ്ങളിൽ 100-150 കോടിരൂപ ലഭിക്കുമ്പോൾ കേരളത്തിൽ ലഭിക്കുന്ന നികുതിവരുമാനം 600 കോടി രൂപയാണ്. ജി.എസ്.ടി മൂലം വ്യാപാരമാന്ദ്യമുണ്ടായി. അതിനാൽ, അനുമാന നികുതിയടവ് ഒഴിവാക്കി യഥാർത്ഥ വ്യാപാരത്തിന്മേലുള്ള നികുതിയാണ് ഇപ്പോൾ അടയ്ക്കുന്നത്. ജി.എസ്.ടി പ്രകാരം, നികുതി വരുമാനത്തിലുണ്ടാകുന്ന കുറവ് കേന്ദ്രം നികത്തുന്നുമുണ്ട്. രജിസ്‌ട്രേഷനുള്ള വ്യാപാരികളെയാണ് നികുതി വകുപ്പ് പീഡിപ്പിക്കുന്നത്. അനധികൃത മേഖലയെ തൊടുന്നുമില്ല. സ്വർണ വ്യാപാര മേഖലയിലെ നികുതി സംബന്ധിച്ച് ധനമന്ത്രി യഥാർത്ഥ്യം മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.