ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമായ ശേഷം ബഹിരാകാശ രംഗത്ത് മറ്റൊരു ബൃഹദ്പദ്ധതിയുമായി ഐ.എസ്.ആർ.ഒ. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള വിശദമായ പദ്ധതിയാണ് ഐ.എസ്. ആർ.ഒയ്ക്കുള്ളത് .ഗഗൻയാൻ പദ്ധതി പൂർത്തിയാക്കിയശേഷം ബഹിരാകാശ നിലയം നിർമ്മിക്കുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ വ്യക്തമാക്കി.
സ്വന്തമായി ഒരു ബഹിരാകാശനിലയമാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾക്കായി ചെറിയ മോഡ്യൂൾ വിക്ഷേപിക്കുമെന്നും കെ.ശിവൻ അറിയിച്ചു.
ബഹിരാകാശ നിലയത്തിന് 20 ടൺ ഭാരമുണ്ടാവും. ഭ്രമണപഥത്തിൽ 400 കിലോമീറ്റർ അകലെയാണ് ഇത് സ്ഥാപിക്കുക. ബഹിരാകാശനിലയത്തിൽ 15 മുതൽ 20 ദിവസം വരെ ഗവേഷകർക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. അഞ്ചോ ഏഴോ വർഷം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇപ്പോൾ ഗവേഷകർ താമസിച്ച് പഠനം നടത്തി വരുന്നത്. അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളുടേയും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടെയും (ESA) നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഐ.എസ്.ആർ.ഒയ്ക്ക് പങ്കാളിത്തമില്ല.
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കം ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയെക്കൂടാതെ ചൈനയും ബഹിരാകാശ നിലയം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണ്.
ഐ.എസ്.ആർ.ഒ വിഭാവനം ചെയ്യുന്ന മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കും. രണ്ടോ മൂന്നോ ആളുകൾ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാവും. ഗവേഷകർക്ക് വേണ്ട പരിശീലനം നൽകുന്നതും ഇന്ത്യയായിരിക്കും. യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. 10000 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. ഗഗൻയാൻ ദേശീയ ഉപദേശക കൗൺസിലിന്റെ മേൽനോട്ടത്തിലാവും പദ്ധതി.
ഗഗൻയാൻ പദ്ധതിയ്‌ക്കൊപ്പം സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ മിഷൻ, ശുക്രനെ കുറിച്ച് പഠിക്കാനുള്ള വീനസ് മിഷൻ എന്നിവയ്ക്കും ഐ.എസ്.ആർ.ഒ തയ്യാറെടുക്കുകയാണ്.