അഞ്ചൽ: അരുണാചൽ പ്രദേശിൽ ചൈനയുടെ അതിർത്തിക്കു സമീപം തകർന്ന വ്യോമസേന വിമാനത്തിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം മരിച്ചുവെന്ന് സേനാവിഭാഗം സ്ഥിരീകരിച്ചതോടെ ഫ്‌ളൈറ്റ് എൻജിനിയർ അനൂപ്കുമാറിനായുള്ള കാത്തിരിപ്പ് വിഫലമായി.
അഞ്ചൽ ആലഞ്ചേരി വിജയവിലാസത്തിൽ വിമലയുടെ മൂത്ത മകനാണ് മുപ്പത്തിനാലുകാരനായ അനൂപ് കുമാർ. പിതാവ് ശശിധരൻ പിള്ള സി.ആർ.പി.എഫിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്.
ഒന്നര മാസം മുൻപാണ് അനൂപ് നാട്ടിലെത്തി മടങ്ങിയത്. ആറു മാസം പ്രായമായ കുഞ്ഞിനെ കാണാനായിരുന്നു ആ വരവ്. താമസിയാതെ വീണ്ടും വരാമെന്നു ഭാര്യ വൃന്ദയ്ക്ക് വാക്കു കൊടുത്തിട്ടാണ് അന്നു മടങ്ങിയത്.
പതിനൊന്ന് വർഷം മുമ്പാണ് അനൂപ് വ്യോമസേനയിൽ ചേർന്നത്. അപകട വിവരം അധികൃതർ അറിയിച്ചതിനെ തുടർന്ന് അനുജൻ അനീഷും അസാമിലേക്ക് പോയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടാണ് അവർ നാട്ടിലേക്ക് മടങ്ങിയത്.