കൊൽക്കത്ത: സഹപ്രവർത്തകന് മർദനമേറ്റതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടർമാർക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ താക്കീത്. നാല് മണിക്കൂറിനുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നും അല്ലെങ്കിൽ, ഹോസ്റ്റൽ മുറി ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയായ എസ്.എസ്.കെ.എം സന്ദർശിച്ചതിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ പ്രതിഷേധം നടത്തുന്നവർ പുറത്തുനിന്നുള്ളവരാണ്. അവരാരും ഡോക്ടർമാരല്ല. അതിനാൽ തന്നെ സർക്കാർ ഈ സമരത്തെ അനുകൂലിക്കില്ല. ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മരിക്കുന്നുണ്ട്. എന്നുകരുതി പൊലീസുകാർ സമരം ചെയ്യുന്നില്ലെന്നും മമത വ്യക്തമാക്കി. അതേസമയം, മമതയുടെ അന്ത്യശാസനം ജൂനിയർ ഡോക്ടർമാർ തള്ളി. സമരം തുടരുമെന്ന് ഡോക്ടർമാർമാർ അറിയിച്ചു.
എൻ.ആർ.എസ് മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറായ പരിബോഹോ മുഖർജിയെ ചികിത്സാ പിഴവ് ആരോപിച്ച് മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിനെ തുടർന്നാണ് ഡോക്ടർമാർ മിന്നൽ സമരം തുടങ്ങിയത്. മർദ്ദനത്തിൽ പരിബോഹോ മുഖർജിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
എയിംസിലും പ്രതിഷേധം
ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും. ഇന്നലെ ഹെൽമറ്റ് ധരിച്ചാണ് മിക്കവരും ജോലിക്കെത്തിയത്. ബംഗാളിലെ ഡോക്ടർമാരുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചതോടെയാണ് പണിമുടക്കാനുള്ള തീരുമാനം.