shanghai-

ബിഷ്കേക്ക്: ഷാംഗ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയിൽ(എസ്.സി.ഒ) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലെത്തി. പാക് വ്യോമപാത ഒഴിവാക്കി ഒമാൻ-ഇറാൻ പാത വഴിയാണ് പ്രധാനമന്ത്രി കിർഗിസ്ഥാനിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി രണ്ടാംതവണയും ഭരണത്തിലെത്തിയ ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ചകളുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ രണ്ടുദിവസത്തെ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. ഉച്ചകോടിക്ക് ശേഷം കിർഗിസ്ഥാൻ പ്രസിഡന്റ് ജീൻബെകോവുമായി ചർച്ച നടത്തുന്ന മോദി, ഇന്തോ-കിർഗിസ് ബിസിനസ് ഫോറം കിർഗിസ്ഥാൻ പ്രസിഡന്റിനൊപ്പം ഉദ്ഘാടനം ചെയ്യും.

 എസ്.സി.ഒ

ചൈന, ഖസാക്സ്ഥാൻ, റഷ്യ, താജ്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉജ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി 2001 ലാണ് ഷാംഗ്ഹായി സംഘടന ആരംഭിക്കുന്നത്. 2017 ലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇതിലെ അംഗങ്ങളാകുന്നത്.

 ചിൻപിംഗ് ഇന്ത്യയിലെത്തും

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം.

ഷാംഗ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരുരാഷ്ട്ര തലവന്മാരും ഇന്നലെ നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദർശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്.