kanam-rajendran

കൊല്ലം: തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കവർന്നെടുക്കാൻ സംഘടിതനീക്കം നടക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ഐ.ടി.യു.സി നേതാവ് ജെ. ചിത്തരഞ്ജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കപട ദേശീയത പ്രചരിപ്പിച്ചാണ് എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയത്. ദേശാഭിമാനത്തിന്റെ ലാഞ്ഛന പോലുമില്ലാത്തവർ ദേശീയതയുടെ പ്രചാരകരായി മാറുകയാണ്. കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ സ്വകാര്യവത്കരണ നയങ്ങൾ അതിശക്തമായി തുടരുമെന്ന സൂചനയാണ് രണ്ടാം എൻ.ഡി.എ സർക്കാരും നൽകുന്നത്. ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് തയ്യാറെടുക്കണം.

മാനേജ്മെന്റുകളുമായി സൗഹൃദം നിലനിർത്തിക്കൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതിയ നേതാവായിരുന്നു ചിത്തരഞ്ജന്നെന്നും കാനം അനുസ്മരിച്ചു.

എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, കെ.എസ്. ഇന്ദുശേഖരൻ നായർ, എസ്.വേണുഗോപാൽ, എച്ച്. രാജീവൻ, എം.പി. ഗോപകുമാർ, ജി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

സ്ത്രീ തൊഴിലാളികളും മാറിയ പരിരക്ഷകളും- സെമിനാറിൽ അഡ്വ. വി. മോഹൻദാസ് വിഷയം അവതരിപ്പിച്ചു. ജെ. ചിഞ്ചുറാണി, എം.എസ്. താര, എം.എസ്. സുഗതകുമാരി, ശോഭാ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.