cpm-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പാർലെന്റിലെ ഓഫീസും നഷ്ടമാകുമെന്ന ആശങ്കയിൽ സി.പി.എം. ആകെ മൂന്നു എം.പിമാർ മാത്രമാണ് സി.പി.എം പ്രതിനിധികളായി ഇത്തവണം ലോക്സഭയിലെത്തിയത്. പാർലമെന്റ് മന്ദിരത്തിലെ മൂന്നാം നിലയിൽ 135-ാം നമ്പർ മുറിയാണ് സി.പി.എം പാർട്ടി ഓഫീസായി ഉപയോഗിച്ചിരുന്നത്.

രാജ്യസഭയിൽ നിലവിലുള്ളത് അഞ്ച് എംപിമാരാണ്. 2014ലെ തിരഞ്ഞെടുപ്പിൽ ഒമ്പത് എം.പിമാരുണ്ടായിരുന്നപ്പോഴും പാർട്ടി ഓഫീസ് നഷ്ടപ്പെട്ടേക്കുമെന്ന നിലയുണ്ടായിരുന്നു,​

2004ൽ മികച്ച പ്രകടനം കാഴ്ച വച്ച സി.പി.എം 43 സീറ്റ് നേടിയിരുന്നു. എന്നാൽ പിന്നീട് ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നടിഞ്ഞു. മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്ന കേരളത്തിലാകട്ടെ വിജയം ഒരു സീറ്റിൽ ഒതുങ്ങി. ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന സീറ്റുകളിൽ പോലും ഒരുലക്ഷം വോട്ടിന്റെ വ്യത്യാസത്തിൽ പോലും സ്ഥാനാർത്ഥികൾ തോൽക്കുന്ന സാഹചര്യവുമുണ്ടായി.

എം.പിമാർക്ക് വിശ്രമിക്കാനും ആവശ്യമെങ്കിൽ പാർട്ടിക്ക് വാർത്താസമ്മേളനങ്ങൾ അടക്കം നടത്തുന്നതിനും പാർലമെന്റ് ഹൗസിലെ ഓഫീസിൽ സൗകര്യം ഉണ്ടായിരുന്നു. ഏതാനും ജീവനക്കാരും ഇവിടെ ഉണ്ട്. പാർലമെന്റിലെ ഈ സംവിധാനങ്ങളാണ് നഷ്ടപ്പെടുമെന്ന് പാർട്ടി ആശങ്കപ്പെടുന്നത്. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സി.പി.ഐയ്ക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു.