ലണ്ടൻ: ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. ഇന്ത്യ പാക് രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അഭിമാന പോരാട്ടമായാണ് ഇരു ടീമുകളും മത്സരത്തെ കാണുന്നത്. ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ടപ്പോഴോക്കെ ഇന്ത്യയ്ക്കായിരുന്നു വിജയം. ആറ് തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.
ഇപ്രാവശ്യം ഇന്ത്യയെ പിടിച്ചുകെട്ടാനുള്ള പുതിയ തന്ത്രങ്ങൾ മെനഞ്ഞാണ് പാകിസ്ഥാൻ എത്തുന്നതെന്ന് ക്രിക്കറ്റ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് രംഗത്തെത്തി. മത്സരത്തിന് മുമ്പ് ഫീൽഡിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഫീൽഡിംഗ് ഇതുവരെ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല ക്യാപ്റ്റൻ പറയുന്നു. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ഫീൽഡിംഗ് മെച്ചപ്പെടുത്താൻ ടീം വീണ്ടും പരിശീലനം നടത്തുമെന്നും സർഫ്രാസ് അഹമ്മദ് പറഞ്ഞു.
ആസ്ട്രേലിയയുമായുള്ള മത്സരത്തിൽ ആരോണ്‍ ഫിഞ്ചിനെ നിലത്തിട്ടതടക്കം വൻ പിഴവുകളാണ് പാക് ഫീൽഡർമാർ വരുത്തിയിരുന്നത്. ഇതിനെയൊക്കെ മനസിലാക്കി ശക്തമായി ഇന്ത്യക്കെതിരെ പേരാട്ടത്തിനിറങ്ങാനാണ് ക്യാപ്റ്റൻ നിർദേശിക്കുന്നത്. ഞായറാഴ്‌ച ഓൾഡ് ട്രാഫോർഡിൽ വച്ചാണ് ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത്. ന്യൂസിലാൻഡുമായുള്ള ഇന്ത്യയുെട മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.