മുംബയ്: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ 17കാരന് വെടിയേറ്റ് ദാരുണാന്ത്യം. തോക്കുപയോഗിച്ച് ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പ്രതീക് വഡേക്കർ ആണ് മരിച്ചത്. മുംബയ് ഷിർദിയിലാണ് സംഭവം. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച വൈകിട്ട് . പ്രതീകും ബന്ധുക്കളായ സണ്ണി പവാർ (20), നിതിൻ വഡേക്കർ (27), 11 കാരൻ എന്നിവർ ഹോട്ടൽ മുറിയിൽ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോക്കായി നാടൻ തോക്കും ഇവരുടെ കൈയിലുണ്ടായിരുന്നു. ഷൂട്ടിംഗിനിടെ ബന്ധുവിന്റെ കൈയിലിരുന്ന തോക്കിന്റെ ട്രിഗറിൽ അബദ്ധത്തിൽ വിരലമരുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവർ മുറിയിൽ നിന്ന് ഇറങ്ങിയോടി. പൊലീസെത്തി പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സണ്ണി പവാറിനെയും നിതിൻ വഡേക്കറെയും അറസ്റ്റ് ചെയ്തെന്നും ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പൊലീസ് അറിയിച്ചു.