ഭൂമിയുടെ മിക്കവാറും പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അതിൽ കൂടിയ പങ്കും സമുദ്രങ്ങളും കടലുകളുമാണ് എന്നറിയാമല്ലോ. ഭൂമിയിൽ അഞ്ച് മഹാസമുദ്രങ്ങളുണ്ട്. ഈ സമുദ്രങ്ങളുടെ ചെറിയ ഭാഗങ്ങളെയാണ് കടൽ എന്നു വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിൽ 96 ശതമാനവും സമുദ്രജലമാണ്. പഞ്ചമഹാസമുദ്രങ്ങളെക്കുറിച്ച് നമുക്ക് പഠിക്കാം. ഭൂമിശാസ്ത്ര പാഠഭാഗങ്ങൾക്ക് ഇത് പ്രയോജനപ്പെടും.
ശാന്ത സമുദ്രം
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം. മാത്രവുമല്ല, ഭൂമിയിലെ ഏറ്റവും താഴ്ചയുള്ള ഭാഗം ശാന്തസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചലഞ്ചർ ഗർത്തം എന്നാണിതറിയപ്പെടുന്നത്. മഗല്ലനാണ് ശാന്തസമുദ്രത്തിന് പേരിട്ടത്. ത്രികോണാകൃതിയിൽ കിടക്കുന്ന ഈ സമുദ്രം ഭൂമിയുടെ മൂന്നിൽ ഒന്ന് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന മേഖലയായ 'റിങ്സ് ഒഫ് ഫയർ' ശാന്തസമുദ്രത്തിലാണ്.
അമേരിക്കയുടെ 50-ാമത്തെ സംസ്ഥാനമായ ഹവായ് ദ്വീപ് ശാന്തസമുദ്രത്തിലാണ്. ശാന്തസമുദ്രത്തിന്റെ വടക്കുഭാഗത്ത് ആർട്ടിക് ധ്രുവം, തെക്ക് അന്റാർട്ടിക്ക, പടിഞ്ഞാറ് ഏഷ്യാ ആഫ്രിക്ക വൻകര, കിഴക്കുഭാഗത്ത് അമേരിക്കൻ വൻകരകൾ എന്നിവ സ്ഥിതി ചെയ്യുന്നു. ശാന്ത സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധപ്പെടുത്തുന്നതാണ്പനാമ കനാൽ.
അറ്റ്ലാന്റിക് സമുദ്രം
S ആകൃതിയിൽ സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രമാണ്. അറ്റ്ലസ് എന്ന ഗ്രീക്ക് ദേവന്റെ നാമത്തിൽ നിന്നാണ് അറ്റ്ലാന്റിക് എന്ന പേരുണ്ടായത്. ഭൂമദ്ധ്യരേഖയ്ക്ക് വടക്കായി വടക്കേ അറ്റ്ലാന്റിക്കും തെക്കായി തെക്കേ അറ്റ്ലാന്റിക്കും സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാന നദികളെല്ലാം പതിക്കുന്നത് അറ്റ്ലാന്റിക്കിലാണ്. ആമസോൺ, കോംഗോ, സെന്റ്ലോറൻസ്, നൈജർ മുതലായ നദികൾ അറ്റ്ലാന്റിക്കിൽ പതിക്കുന്നു. പ്യൂട്ടോറിക്കൻ ഗർത്തമാണ് ഈ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഗർത്തം. ഉത്തര അറ്റ്ലാന്റിക്കിന്റെ നടുവിലായി സർഗാസം എന്ന ഇനത്തിൽപ്പെട്ട ആൽഗകൾ കൂട്ടമായി കാണപ്പെടുന്നു. അതിനാൽ ഈ ഭാഗത്തെ സർഗാസോ കടൽ എന്ന് വിളിക്കുന്നു.
കപ്പലുകളുടെ ശ്മശാനം എന്നാണ് ഈ മേഖലയെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലപകടം 1912 ഏപ്രിൽ 15ന് ഉത്തര അറ്റ്ലാന്റിക്കിലായിരുന്നു നടന്നത്. ടൈറ്റാനിക് എന്ന കപ്പൽ കൂറ്റൻ മഞ്ഞുപാളിയിൽ തട്ടി പിളർന്നു കടലിൽ മുങ്ങി.ബെർമുഡ, ഫ്ളോറിഡ മുനമ്പ്, പോർട്ടോറിക്ക എന്നീ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സ്ഥിതി ചെയ്യുന്ന സാങ്കല്പിക രേഖയാണ് ബർമുഡ ട്രയാംഗിൾ എന്നറിയപ്പെടുന്നത്.പല ഉപകടലുകളുള്ള സമുദ്രമാണ് അറ്റ്ലാന്റിക്. കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ, ബാൾട്ടിക് കടൽ, മെക്സിക്കോ കടൽ, കരീബിയൻ കടൽ എന്നിവയാണവ.
ഇന്ത്യൻ മഹാസമുദ്രം
ഒരു രാജ്യത്തിന്റെ പേരിലുള്ള ഏക സമുദ്രം. ഏഷ്യ വടക്കും അന്റാർട്ടിക്ക തെക്കും ആഫ്രിക്ക പടിഞ്ഞാറും ആസ്ട്രേലിയ കിഴക്കുമായി സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രം കാണപ്പെടുന്നു. ഇതിലെ ഏറ്റവും വലിയ ഗർത്തമാണ് ജാവഗർത്തം.രത്നാകര എന്ന പേരിലാണ് പ്രാചീനകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്നത്. മഡഗാസ്കറാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്. ശ്രീലങ്ക സ്ഥിതി ചെയ്യുന്നതും ഇതിലാണ്. നമ്മുടെ അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ്. ആൻഡമാൻ കടൽ, പേർഷ്യൻ കടൽ എന്നിവ മറ്റ് ഉപകടലുകളാണ്.
അന്റാർട്ടിക് സമുദ്രം
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന ഇത് അന്റാർട്ടിക്ക എന്ന ഭൂഖണ്ഡത്തെ വലയം ചെയ്ത് സ്ഥിതി ചെയ്യുന്നു. ശൈത്യകാലത്ത് മഞ്ഞ് പിണ്ഡങ്ങളാൽ മൂടപ്പെടുന്ന ഇതിനെ മരുഭൂഖണ്ഡം എന്ന് വിളിക്കുന്നു. ധാരാളം വ്യത്യസ്തങ്ങളായ സമുദ്ര ജീവികൾ പാർക്കുന്ന ഇടമാണിത്. 1959ൽ ലോക രാജ്യങ്ങൾ അന്റാർട്ടിക്കൻ ഉടമ്പടി കൊണ്ടുവന്നു. ഇതിൻ പ്രകാരം സംരക്ഷിക്കപ്പെടുന്ന മേഖലയാണിത്. തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രമാണിത്.
ആർട്ടിക മഹാസുദ്രം
ഏറ്റവും ചെറിയ സമുദ്രം. ഉത്തരാർദ്ധ ഗോളത്തിൽ സ്ഥിതിചെയ്യുന്നു. ആർട്ടിക് ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ഇത് 'D' ആകൃതിയിലാണ്. ആർട്ടിക് ബേസിൻ എന്ന ഭാഗമാണ് ആർട്ടിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ആഴം കൂടിയ ഭാഗം.