മഴക്കാലത്ത് ചർമ്മരോഗങ്ങൾ വേഗത്തിൽ പിടിപെടും. ഇതൊഴിവാക്കാൻ ചർമ്മം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. ഈർപ്പമുള്ള ചെരുപ്പ്, സോക്സ് , വസ്ത്രം എന്നിവയെല്ലാം അണുബാധയുണ്ടാക്കും. ഇവ ഈർപ്പരഹിതമായി സൂക്ഷിക്കുകയാണ് പ്രതിരോധത്തിനുള്ള മാർഗം. ഷൂസിലും ചെരുപ്പിലും ഈർപ്പം തങ്ങി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളം നനഞ്ഞെത്തിയാൽ അവ മുറിയിലെ ഫാനിന്റെയോ ചൂടുള്ള സ്ഥലത്തോ വച്ച് ഉണക്കിയെടുക്കുക. പരമാവധി, ഈർപ്പം തങ്ങിനിൽക്കാത്ത തരം പാദരക്ഷകൾ ഉപയോഗിക്കുക.
രാത്രി കൈയും കാലും കഴുകി ഈർപ്പരഹിതമാക്കി മോയ്സ്ചറൈസർ പുരട്ടുക. മഴക്കാലത്ത് വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തെ അണുബാധകളിൽ നിന്ന് രക്ഷിക്കും. കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാനീര് ചേർക്കുന്നതും നല്ലതാണ്. വസ്ത്രങ്ങൾ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കുക. ഇത് ഈർപ്പം പൂർണമായും അകറ്റും. നനഞ്ഞ മുടി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ താരൻ മാത്രമല്ല, ശിരോചർമ്മത്തിൽ അണുബാധയ്ക്കും സാദ്ധ്യതയുണ്ട്. കുളി കഴിഞ്ഞും ചർമ്മം പൂർണമായും ഈർപ്പരഹിതമാക്കുക.