രാധേ... എന്ന നീട്ടിയ വിളിയും 'എന്തോ... രമേശണ്ണാ...' എന്ന സുതാര്യമായ മറുശബ്ദവും ഇപ്പോഴും മുഴങ്ങുന്നുണ്ട്. സ്നേഹം തേടിയെത്തിയ ഒരുപാടുപേരുടെ കാതുകളിൽ അതിന്റെ മാധുര്യം മായാത്ത ഈടുവയ്പായി ജ്വലിച്ചുനില്പുണ്ടാവും.
എന്തും എനിക്ക് പറയാവുന്ന ഒരാളെ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നുള്ളൂ, വഴക്കുകൂടി പിരിയുമ്പോഴും വാത്സല്യത്തോടെ നോക്കിയിരുന്ന രമേശണ്ണൻ. തിരുവനന്തപുരത്ത് പനവിള ജംഗ്ഷനിലെ വീട്ടിൽ എത്ര രാപ്പകലുകളാണ് സാഹിത്യ തത്പരരായ സുഹൃത്തുക്കളുമൊത്ത് കൊണ്ടാടിയിട്ടുള്ളത്. പനവിളയിലെ സെല്ലുലാർ ഘടനയുള്ള വീട് വിറ്റ് നളന്ദയിലേക്ക് താമസം മാറിയപ്പോഴും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെയെല്ലാം പല തലമുറകളുടെയും തറവാടായി അത് തുടർന്നു.
പ്രായമോ മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും പഴവിള രമേശൻ എന്ന ആതിഥേയനെ ഒരിക്കലും ബാധിച്ചിരുന്നില്ല. എല്ലാവർക്കും ആ പൂമുഖത്ത് ഒരു ഇരിപ്പിടവും ഡൈനിംഗ് ടേബിളിൽ രാധച്ചേച്ചി വിളമ്പുന്ന വിഭവ സമൃദ്ധവും ഏറ്റവും രുചിപ്രദവുമായ ഭക്ഷണവും ഉറപ്പായിരുന്നു. അത്രയും രുചിയോടെ മറ്റൊരു വീട്ടിൽ നിന്നേ ഞാൻ ഒരുപാട് രാപ്പകലുകൾ ഭക്ഷണം കഴിച്ചിട്ടുള്ളൂ. എൻ.എൻ. പിള്ളയുടെ വീട്ടിൽ നിന്ന്. രണ്ടുപേരും എല്ലാ അർത്ഥത്തിലും നിഷേധികളായിരുന്നു. സ്നേഹം ഉള്ളിലൊതുക്കിയ പത്തരമാറ്റുള്ള നിഷേധമായിരുന്നു അത്.
15 വർഷം മുമ്പ് പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിൽ നടന്ന ഒരു സാസ്കാരിക സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദനെ പ്രകീർത്തിച്ചും എതിർചേരിയെ കടന്നാക്രമിച്ചും പഴവിള നടത്തിയ പ്രസംഗം അന്തരീക്ഷമാകെ പ്രക്ഷുബ്ധമാക്കിയത് മായാത്ത ഒരുപാട് ഓർമ്മകളിൽ ഒന്നുമാത്രം. സദസിനെ തണുപ്പിക്കാൻ 45 മിനിട്ട് നീണ്ട ഒരു പ്രസംഗം അന്നെനിക്ക് നടത്തേണ്ടിവന്നു. ഒന്നിനോടും സന്ധിചെയ്യാത്ത മനസായിരുന്നു പഴവിളയുടേത്. കമ്മ്യൂണസത്തിന്റെ ആഴക്കടൽ ഉള്ളിൽ വഹിക്കുമ്പോഴും അതിനെതിരെ തുറന്ന പോരിനിറങ്ങുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. പഴവിള രമേശനെ നിഷേധിയും നിർഭയനുമാക്കിയ കാരണങ്ങളിൽ ഒന്ന് ഒരു പാതിരാവിന്റെ ലഹരിയിൽ പറഞ്ഞത് ഓർമ്മവരുന്നു:
രമേശനെ അമ്മ ഗർഭം ധരിച്ച് എട്ടു മാസം ആയപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. മുത്തച്ഛന്റെ സംരക്ഷണയിലായിരുന്നു ബാല്യം. മുത്തച്ഛൻ എവിടെപ്പോയാലും വിരൽത്തുമ്പിൽ രമേശൻ ഉണ്ടാവും. മറവിയുടെ കൂടെപ്പിറപ്പായിരുന്ന മുത്തച്ഛൻ കയർ ബിസിനസ് നടത്തുന്നിടത്തോ ഓട്ടുകമ്പനിയിലോ ചായക്കടയിലോ രമേശനെ ഏല്പിച്ച് യാത്ര തുടരും. കേരളത്തിന് പുറത്തേക്കുള്ള യാത്രയാവും അത്. ഒറ്റയ്ക്കാവുന്ന രമേശനെ പലപ്പോഴും രാത്രിയിലാവും ആരെങ്കിലും വീട്ടിലെത്തിക്കുക. മറവി മാത്രമല്ല കലശലായ ചിത്തഭ്രമവും മുത്തച്ഛനുണ്ടായിരുന്നു. ഒരിക്കൽ ശബരിമലയിൽവച്ച് തറയിൽവീണ ഇരുമുടിക്കെട്ടിൽ അറിയാതെ ചവിട്ടിപ്പോയതാണ് ചിത്തഭ്രമത്തിന് കാരണമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. അതെന്തായാലും എല്ലാ മണ്ഡലകാലത്തും മുത്തച്ഛന് ചിത്തഭ്രമം കലശലാവും. ബന്ധുക്കളാരും അപ്പോൾ അടുത്ത് ചെല്ലില്ല. അപ്പോഴും മുത്തച്ഛനൊപ്പമായിരുന്നു രമേശന്റെ ഉറക്കം.
പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാക്കനാടൻ... അങ്ങനെ ചില തറവാടുകളുണ്ടായിന്നു മലയാളത്തിലെ എഴുത്തുകാർക്ക്. എഴുത്ത് തലയ്ക്കു പിടിച്ച ഏത് പ്രായത്തിലുള്ളവർക്കും ചെന്നുകയറാവുന്ന വീട്. അതിൽ അവസാനത്തേതായിരുന്നു പഴവിള രമേശന്റെ വീട്. ഏറ്റവും ഒടുവിൽ അണ്ണൻ എന്നോട് പറഞ്ഞത് 'ജി. സുധാകരനെക്കുറിച്ച് നീ ഒരു ആർട്ടിക്കിൾ എഴുതണ'മെന്നാണ്. പറഞ്ഞത് ആറ് മാസം മുമ്പാണ്. ഇന്നിപ്പോൾ
ചെറിയ ശൂന്യതയ്ക്കുമേൽ വലിയൊരു ശൂന്യത വാരി വിതറി പഴവിള രമേശണ്ണൻ യാത്രയായി. ഓർമ്മകളുടെ ഒരുപട് തിരമാലകൾ വന്നുമുട്ടുന്ന ആ പാദങ്ങളിൽ അർപ്പിക്കാൻ ഈ കണ്ണീർത്തുള്ളികൾ മാത്രം.