waste

മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികളെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചുമുള്ള ആധിയും വളരുകയാണ്. പേരിനു മാത്രം എല്ലാ വർഷവും അരങ്ങേറുന്ന മഴക്കാല പൂർവ ശുചീകരണയജ്ഞം ഇക്കുറിയും അങ്ങിങ്ങ് നടന്നു. വന്നുവന്ന് വലിയൊരു പ്രഹസനമായി മാറിയിരിക്കുകയാണ് ഇത്തരം യജ്ഞങ്ങൾ. കാതലായ പ്രശ്നത്തിലേക്കു തിരിഞ്ഞുനോക്കാതെ ഉപരിപ്ളവമായ പരിഹാരമാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ട് ഫലമൊന്നുമില്ല. മാലിന്യ സംസ്കരണത്തിന് സുസ്ഥിരവും പ്രായോഗികവുമായ നടപടി സ്വീകരിക്കാത്തിടത്തോളം കാലം ജനങ്ങൾക്ക് മാലിന്യങ്ങൾ കൊണ്ടുള്ള ദുരിതം നിലനിൽക്കുക തന്നെ ചെയ്യും.

എത്രയോ കാലമായി സർക്കാർ മാലിന്യ സംസ്കരണത്തെക്കുറിച്ച് ഗാഢമായി ആലോചിക്കുന്നു. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഒന്നും നടപ്പായിക്കാണുന്നില്ല. സംസ്ഥാനത്തെ നഗരങ്ങളും പട്ടണങ്ങളും മാലിന്യമലകളാൽ സമൃദ്ധമാണിന്ന്. മാലിന്യക്കൂനകൾ മൂന്നും നാലും നിലകളുള്ള കെട്ടിടത്തോളം ഉയർന്ന് ചുറ്റും താമസിക്കുന്നവരുടെ ജീവിതം നരകതുല്യമാക്കുന്നു. ഒരു സങ്കോചവുമില്ലാതെ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥന്മാരുമെല്ലാം ഈ മാലിന്യ മലയ്ക്കടുത്തുകൂടി നിത്യവും യാത്ര ചെയ്യുന്നു.

നിരത്തുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ ചുമതലപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ജീവനക്കാർ ഓരോ ദിവസവും ഈ മാലിന്യക്കൂമ്പാരത്തിന്റെ ഉയരം കൂട്ടിക്കൊണ്ടിരിക്കുകയാണ്. സംസ്കരിക്കാൻ മാർഗമൊന്നുമില്ലാതിരിക്കെ ഇതല്ലാതെ അവർക്ക് ബദൽ വഴിയില്ല. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് നടന്ന ദേശീയ സെമിനാറിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്‌പാദിപ്പിക്കുന്ന ഏഴ് പ്ളാന്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുകയുണ്ടായി. ലോകോത്തര നിലവാരത്തിലുള്ളതായിരിക്കും ഈ പ്ളാന്റുകളത്രെ. എവിടെയെങ്കിലും ഇവയിൽ ഒന്നെങ്കിലും പ്രവർത്തനക്ഷമമായെങ്കിൽ മാലിന്യ സംസ്കരണ പ്ളാന്റുകളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയും ഭീതിയും ഇല്ലാതായേനെ.

മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത പ്രതിഷേധമാണ് ഈ രംഗത്ത് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതു മാറ്റിയെടുക്കാൻ കുറ്റമറ്റ സംസ്കരണ പ്ളാന്റ് പ്രവർത്തിപ്പിച്ചു ബോദ്ധ്യപ്പെടുത്തിയേ മതിയാകൂ. വിവിധ ജില്ലകളിലായി ഏഴ് അത്യാധുനിക സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം ഇനിയും വച്ചു താമസിപ്പിക്കാതെ നടപ്പാക്കാൻ കഴിയണം.

സംസ്ഥാനത്ത് കരയും വായുവും വെള്ളവുമെല്ലാം കൂടുതൽ കൂടുതൽ മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാലിന്യം സൃഷ്ടിക്കുന്ന കൊടിയ വിപത്തുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണെങ്കിലും അതിൽ നിന്ന് എങ്ങനെ മുക്തമാകാമെന്ന കാര്യത്തിൽ സർക്കാരും ജനങ്ങളും ഒരുപോലെ അലസ മനോഭാവമാണ് കാണിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണിപ്പോൾ. അവരാകട്ടെ ചുമതല നിറവേറ്റുന്നതിൽ വിജയിക്കുന്നുമില്ല. അവരുടെ പരിധിയിലും നിയന്ത്രണത്തിലും ഒതുങ്ങാത്ത വിധം മാലിന്യ സംസ്കരണ പ്രശ്നം വളർന്നിട്ടുണ്ട്.

പല വകുപ്പുകളുടെയും കൂട്ടായ ശ്രമം ആവശ്യമായതിനാൽ മാലിന്യ നിയന്ത്രണ - സംസ്കരണത്തിനായി സർക്കാരിൽ ഒരു പ്രത്യേക വകുപ്പു തന്നെ സൃഷ്ടിക്കാവുന്നതാണ്. മലിനീകരണ നിയന്ത്രണ ബോർഡ് എന്ന പേരിൽ ഇന്ന് ഒരു സംവിധാനമുണ്ടെങ്കിലും അതിന്റെ അധികാര പരിധിക്കപ്പുറം മാലിന്യവുമായി ബന്ധപ്പെട്ട നിരവധി മേഖലകളുണ്ട്. അലക്ഷ്യമായ മാലിന്യ നിക്ഷേപം ശിക്ഷാർഹമായ കുറ്റമാക്കുന്ന നിയമം ഉണ്ട്. അതുപോലെ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതും കുറ്റകരമാണ്. പാഴ് വസ്തുക്കൾ തുറസായ സ്ഥലത്ത് കത്തിക്കുന്നതിനും വിലക്കുണ്ട്. നിയമം ധാരാളമുണ്ടെങ്കിലും ഇതൊക്കെ സംസ്ഥാനത്തെമ്പാടും നിർബാധം നടന്നുവരുന്നു.

നിയമലംഘകരുടെ കൂട്ടത്തിൽ തദ്ദേശ സ്ഥാപന ജീവനക്കാർ വരെയുണ്ടെന്നതാണ് വിചിത്ര വസ്തുത. ശുചിത്വത്തിൽ പുകഴ്‌പെറ്റ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഒട്ടും അഭിമാനകരമാണെന്നു പറഞ്ഞുകൂടാ. വിദ്യാഭ്യാസത്തിലും സാംസ്കാരിക പാരമ്പര്യത്തിലും മുന്നിൽ നിൽക്കുന്നവരായിട്ടും മലിനീകരണ പ്രശ്നത്തിൽ സംസ്ഥാനത്തിന്റെ നില ഏറെ താഴെയാണ്. കുടിവെള്ള സ്രോതസുകൾ പോലും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ മലിനപ്പെടുത്തുന്ന അതീവ ദുഃഖകരമായ കാഴ്ചയാണ് എവിടെയും കാണുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന സംസ്ഥാനത്തെ സമുദ്രതീരങ്ങൾ നേരിടുന്ന പ്ളാസ്റ്റിക് വിപത്തിനെക്കുറിച്ച് നടത്തിയ പഠനത്തിൽ വെളിപ്പെട്ട വസ്തുതകൾ ഞെട്ടലുളവാക്കുന്നതാണ്.

തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നടത്തിയ പഠനത്തിൽ 1051 ടൺ പ്ളാസ്റ്റിക് മാലിന്യമാണ് സംഘാംഗങ്ങൾ കണ്ടെടുത്തത്. വെറും സാമ്പിൾ ശേഖരത്തിൽ നിന്നു ലഭിച്ചതാണിത്. അപ്പോൾ യഥാർത്ഥ വിപത്ത് ഏതു രൂപത്തിലായിരിക്കുമെന്ന് ഊഹിച്ചാൽ മതി. നദികളിലും മറ്റു ജലസ്രോതസുകളിലും ഇതേപോലുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ കാണാനാവും. കടലിലെ മാലിന്യശേഖരത്തെക്കുറിച്ച് അന്താരാഷ്ട്ര പഠന റിപ്പോർട്ടുകൾ ഇടയ്ക്കിടെ വരാറുണ്ട്. അടുത്ത ഏതാനും ദശാബ്ദങ്ങൾ കഴിയുമ്പോൾ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ അളവ് വർദ്ധിച്ച് മത്സ്യസമ്പത്ത് പകുതിയായി കുറയുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ നൽകുന്ന മുന്നറിയിപ്പ്. ആരു കേൾക്കാൻ.