കൊച്ചി: മേലുദ്യോഗസ്ഥനായ അസി. പൊലീസ് കമ്മിഷണർ ശകാരിച്ചതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിനെ കാണ്മാനില്ല. ഭാര്യയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഇന്നലെ ഒരു പകൽ മുഴുവൻ സംസ്ഥാന പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുലർച്ചെ നാലു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് തേവരയിലെ ക്വാർട്ടേഴ്സിലെത്തിയ നവാസ് ആറു മണിയോടെ പുറത്തുപോയി. ഈ സമയം നടക്കാനിറങ്ങുന്നതിനാൽ വീട്ടുകാർ സംശയിച്ചില്ല. ഒരു മണിക്കൂറിനുശേഷം ഒരു യാത്ര പോകുന്നുവെന്ന സന്ദേശം സ്വകാര്യ മൊബൈൽ നമ്പരിൽ നിന്ന് ഭാര്യയ്ക്ക് കൈമാറി. ഈ നമ്പരിലേക്ക് വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച നവാസിന് രാത്രി ഡ്യൂട്ടിയായിരുന്നു. പുലർച്ചെ ജോലി അവസാനിച്ചതോടെ വയർലെസ് സെറ്റ്, ഒൗദ്യോഗിക സിം കാർഡ്, വാഹനത്തിന്റെ താക്കോൽ എന്നിവ ഓഫീസിൽ നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ അവധിയെടുത്തു. ഇന്ന് പുതിയ സി.ഐ ചാർജെടുക്കേണ്ട ദിവസവുമായിരുന്നു. ഇതിന്റെ മുൻകരുതലാണെന്ന ധാരണയിൽ ആ നടപടിയിലും ആർക്കും സംശയം തോന്നിയില്ല.
സാട്ടയിലെ ഗർജ്ജനം
എല്ലാ ദിവസവും രാത്രി ഒമ്പതു മണിയോടെ വയർലസ് സെറ്റുള്ള ഉദ്യോഗസ്ഥരുമായി സിറ്റി പൊലീസ് കമ്മിഷണർ സംവദിക്കും. ചിലപ്പോൾ അത് സബ് ഡിവിഷൻ തലത്തിലായിരിക്കും. ഇതിന് സാട്ടയെന്നും റോൾ കാളെന്നും പറയും. ബുധനാഴ്ച വൈകിട്ടോടെ ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്‌റ്റന്റ് തസ്‌തികകളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശി ആശയെ നവാസ് പിടികൂടിയിരുന്നു. ഇക്കാര്യം സാട്ടയിലൂടെ സിറ്റി പൊലീസ് കമ്മിഷണർ അസി. കമ്മിഷണറായ പി.എസ്. സുരേഷിനോട് തിരക്കി.
എന്നാൽ, അറസ്‌റ്റിനെക്കുറിച്ച് ഒരു വിവരവും അസി. കമ്മിഷണർക്ക് അറിയില്ലായിരുന്നു. ഇതോടെ വയർലസ് സെറ്റുവഴി നവാസിനെ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ല. ഇതോടെ സ്‌റ്റേഷനിലെ പൊലീസുകാർ സി.ഐയുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് നവാസ് മൊബൈലിൽ വിളിച്ചപ്പോൾ അസി. കമ്മിഷണറെ കിട്ടിയില്ല.
തുടർന്ന് വയർലസ് സെറ്റിലൂടെ വിളിച്ചപ്പോൾ ശകാരിച്ചെന്നാണ് ആരോപണം. സെറ്റ് ഉപയോഗിക്കുന്ന മുഴുവൻ പേരും കേട്ടതിനാൽ അപമാനിതനായെന്ന് നവാസ് പലരോടും പറഞ്ഞു. പ്രായമായ അമ്മയെ പരിചരിക്കുന്നതിനെത്തേണ്ട തിരക്കിൽ വാഹനത്തിലിരുന്ന ഫോൺ എടുക്കാൻ നവാസ് മറന്നുപോയിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ സി.ഐയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ- കൊച്ചി സിറ്റി പൊലീസ് കമ്മിഷണർവിജയ് സാഖറെ