iaf-aircraft

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ തകർന്നുവീണ വ്യോമസേനയുടെ എ.എൻ - 32 വിമാനത്തിലുണ്ടായിരുന്ന മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന അറിയിച്ചു. സ്ക്വാഡ്രൻ ലീഡർ തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ നടുവിലാർ മഠത്തിൽ എച്ച്. വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി സാർജന്റ് അനൂപ്കുമാർകണ്ണൂർ അഞ്ചരക്കണ്ടി കുഴിമ്പാലോട് സ്വദേശി കോർപറൽ എൻ.കെ. ഷെറിൻ എന്നിവരാണ് മരിച്ച മലയാളികൾ. വിംഗ് കമാൻഡർ ജി.എം. ചാൾസ്, ഫ്ലൈറ്റ് ലെഫ്ടനന്റുമാരായ എൽ.ആർ. താപ്പ, എം.കെ. ഗാർഗ്, ആശിഷ് തൻവർ, സുമിത് മൊഹന്തി, വാറണ്ട് ഓഫീസർ കെ.കെ. മിശ്ര, ലീഡിംഗ് എയർക്രാഫ്റ്റ്മാൻ എസ്.കെ. സിംഗ്, നോൺകോമ്പാറ്റന്റുമാരായ രാജേഷ്‌കുമാർ, പുടാലി എന്നിവരാണ് മറ്റുള്ളവർ.

13 പേരുടെയും മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വ്യോമ, കരസേനാംഗങ്ങളും പർവതാരോഹകരുമടങ്ങിയ രക്ഷാസംഘമാണ് ഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹെലികോപ്ടറിന്റെ സഹായത്താൽ മൃതദേഹങ്ങൾ പുറത്തെത്തിക്കും.

ജൂൺ മൂന്നിനാണ് റഷ്യൻനിർമ്മിത സൈനിക ചരക്ക് വിമാനമായ എ.എൻ 32 അസാമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലെ ഷിയോമിയിലുള്ള മെച്ചൂക്ക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് കരസേനാംഗങ്ങൾക്കുള്ള സാമഗ്രികളുമായി പുറപ്പെട്ടത്. വിമാനം പറന്നുയർന്ന് 33 മിനിട്ടുകൾക്ക് ശേഷം ഉച്ചയ്‌ക്ക് 12.27നാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. എട്ട് ദിവസത്തോളം നടത്തിയ രക്ഷാദൗത്യത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് അരുണാചലിലെ ലിപ്പോയിൽ നിന്ന് 16 കി.മീ വടക്കുള്ള ദുർഘടമായ വനപ്രദേശത്ത് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കനത്ത മഴ തെരച്ചിൽ ദുഷ്‌കരമാക്കി. മേഘങ്ങൾ കാഴ്ച മറച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്ലാക്ക് ബോക്സ് പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. മുൻ സൈനികനായിരുന്ന പരേതനായ ഹരിഹരന്റെയും തങ്കമണിയുടെയും മകനാണ് വിനോദ്. ഭാര്യ: രുക്മിണി. സഹോദരൻ വിവേകും സൈനികനാണ്. കോറോത്ത് വീട്ടിൽ പി.കെ. പ​വി​ത്ര​ന്റെയും എം.കെ. ശ്രീജയുടെയും മകനാണ് എൻ.കെ. ഷെ​റിൻ. ഭാര്യ അഷിത ഗർഭിണിയാണ്.