തിരുവനന്തപുരം : 'ഇന്ത്യയുടെ നിധി"യെന്ന് എ.ആർ. റഹ്‌മാൻ വിശേഷിപ്പിച്ച സംഗീതലോകത്തെ കുട്ടിപ്രതിഭ ലിഡിയൻ നാദസ്വരം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന 'ബറോസി'ന്റെ സംഗീതം നിർവഹിക്കും. ഇൗ സിനിമയുടെ കമ്പോസിംഗിനായി തമിഴ്നാട് സ്വദേശിയും പതിമ്മൂന്നുകാരനുമായ ലിഡിയൻ കൊച്ചിയിൽ എത്തി. ഇന്ത്യയ്ക്ക് ആദ്യ ത്രിഡി ചിത്രം സമ്മാനിച്ച ജിജോയാണ് ബറോസിന്റെ തിരക്കഥാകൃത്ത്. ത്രി ഡിയിലാണ് ചിത്രം ഒരുക്കുന്നത്.
കാലിഫോർണിയയിൽ നടന്ന സി.ബി.എസ് ഗ്ളോബൽ ടാലന്റ് ഷോയായ 'വേൾഡ്സ് ബെസ്റ്റിൽ" ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയൻ ലോകശ്രദ്ധ ആകർഷിച്ചത്. ഏഴുകോടി രൂപയായിരുന്നു സമ്മാനം. കൊറിയൻ ടീമിനെയാണ് ലിഡിയൻ ഫൈനലിൽ പരാജയപ്പെടുത്തിയത്.
തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനായ ലിഡിയൻ രണ്ടാം വയസിൽതന്നെ സംഗീത ഉപകരണങ്ങളുടെ ലോകത്തേക്ക് പിച്ചവയ്ക്കുകയായിരുന്നു. അച്ഛനും സഹോദരി അമൃതവർഷിണിയുമായിരുന്നു പ്രചോദനം. ഒമ്പതാംവയസിൽ പിയാനോ പഠിക്കാൻ തുടങ്ങി. ലണ്ടൻ ട്രിനിറ്റി കോളേജ് ഒഫ് മ്യൂസിക്കിൽ ചേർന്ന് ചെറിയ പ്രായത്തിൽ പിയാനോയിൽ അഞ്ചാംഗ്രേഡ് നേടി.
തബലയും മൃദംഗവും നന്നായി വായിക്കും. എ.ആർ. റഹ്‌മാന്റെ ശ്രദ്ധയാകർഷിച്ചതോടെ റഹ്‌മാന്റെ കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ അംഗമായി. ഒരേസമയം രണ്ട് പിയാനോയിൽ വ്യത്യസ്തമായ നോട്ടുകൾ വായിച്ച് വിസ്മയിപ്പിക്കും. കണ്ണുകെട്ടി പിയാനോ വായിച്ച് കാഴ്ചക്കാർക്ക് ഹരം പകർന്നിട്ടുണ്ട്. ചന്ദ്രനിൽ പോയി പിയാനോ വായിക്കണമെന്നാണ് ലിഡിയന്റെ മോഹം. ഇതിനായിട്ടുള്ള ഒരു പരിപാടിയിൽ അംഗമാകാൻ ഈ പ്രതിഭ ശ്രമിക്കുന്നു. ലിഡിയൻ ഇന്ന് ലോക സംഗീതജ്ഞരുടെ പ്രിയങ്കരനാണ്. ചേച്ചിയും സംഗീതത്തിൽ മിടുമിടുക്കിയാണ്. അതുല്യ പ്രതിഭയെന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിർവഹിക്കാൻ മോഹൻലാൽ ക്ഷണിച്ചത്.
പേരിനു പിന്നിൽ
ലിഡിയൻ നാദസ്വരം എന്ന പേര് അച്ഛനാണ് ഇട്ടത്. സംഗീതത്തിലെ ആദ്യ മോഡ് അല്ലെങ്കിൽ സ്കെയിലിനെയാണ് ലിഡിയൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇൗ പേരിട്ടതിന് അച്ഛനോട് ലിഡിയന് നന്ദിയുണ്ട്. അച്ഛനും അമൃതവർഷിണിയും ലിഡിയനൊപ്പം കൊച്ചിയിൽ എത്തിയിട്ടുണ്ട്. വരുന്ന ജനുവരിയിൽ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഗോവയാണ് പ്രധാന ലൊക്കേഷൻ. ബറോസിന്റെ റിലീസ് വരെ മറ്റൊരു ചിത്രത്തിനും ലാൽ ഡേറ്റ് നൽകില്ല.