cot-naseer

കോഴിക്കോട്: മൊഴികളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ സി.ഒ.ടി നസീറിന്റെ രഹസ്യമൊഴിയെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ ആക്രമിച്ച കേസിൽ നിലവിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

ആക്രമണത്തിന് ശേഷം മൂന്ന് തവണ പൊലീസ് നസീറിന്റെ മൊഴി എടുത്തിരുന്നു. എന്നാൽ താൻ എ.എൻ ഷംസീറിനെതിരെ രണ്ട് തവണ മൊഴി നൽകിയിരുന്നെന്നും അത് പൊലീസ് രേഖപ്പെടുത്തിയില്ലെന്നും സി.ഒ.ടി നസീർ ആരോപിച്ചിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെയാണ് രഹസ്യ മൊഴി എടുക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

അതേസമയം കേസിലെ പ്രതിയായ റോഷനെ ഹൊസൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആക്രമണം നടന്ന സ്ഥലങ്ങളിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. കഴിഞ്ഞമാസം 18നാണ് റോഡിൽവച്ച് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്.