തിരുനെൽവേലി: ക്രൂരമായ മർദ്ദനത്തിൽ ഇന്നലെ കൊല്ലപ്പെട്ട ദളിത് ഡി.വൈ.എഫ്.ഐക്കാരൻ അശോകിന്റെ മരണത്തിന് ഉത്തരവാദികൾ സവർണ്ണ ജാതിയിൽ പെട്ടവരെന്ന് റിപ്പോർട്ട്. ഈ പ്രദേശത്തെ ഉയർന്ന ജാതിയായ 'മരവർ' വിഭാഗത്തിൽ പെട്ടവരാണ് ബുധനാഴ്ച്ച വടികളും ആയുധങ്ങളുമായെത്തി അശോകിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് ബസിൽ വന്നിറങ്ങിയതായിരുന്നു അശോക്.
അശോകിന്റെ ജീവനെടുത്ത ശേഷം മൃതദേഹം ആക്രമികൾ അടുത്തുള്ള റെയിൽവേ ട്രാക്കിൽ വലിച്ചെറിഞ്ഞു. ദളിതരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും ഉപദ്രവിക്കുന്നതും ചോദ്യം ചെയ്തതിനാണ് ഇവർ അശോകിനെ കൊലപ്പെടുത്തിയത്. ഗംഗൈകൊണ്ടയിലുള്ള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് അശോക് ജോലി ചെയ്തിരുന്നത്.
അശോകിന്റെ മരണത്തെ തുടർന്ന്, കുറ്റവാളികളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മധുരൈ-തിരുനൽവേലി ദേശീയ പാത ഉപരോധിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ഘടകവും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് അശോകിന്റെ കുടുംബവും അറിയിച്ചു.
ഭൂരിഭാഗവും മറവർ താമസിക്കുന്ന തിരുനെൽവേലിയിലെ കരയിരുപ്പ് എന്ന സ്ഥലത്താണ് അശോകും കുടുംബവും താമസിച്ചിരുന്നത്. ഈ പ്രദേശത്തെ ദളിതർ, മറവർ താമസിക്കുന്നതിന്റെ അടുത്തുകൂടെ പോകുമ്പോഴൊക്കെ ഉന്നതജാതിക്കാരായ ഇവർ അവരെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിരുന്നു. ഒരിക്കൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ട അശോകും കൂട്ടുകാരും ഇത് ചോദ്യം ചെയ്യുകയും, ഇനി മേലിൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ അശോകിനെ സംഘം ചേർന്ന് കൊലപ്പെടുത്തുന്നത്.