kidnap

സഹറൻപൂർ: 22കാരിയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവും മക്കളും അറസ്റ്റിൽ. കേസിൽ ചന്ദ്രബൻ(40) മക്കളായ ടോണി(22),വിജേന്ദ്ര(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഉത്തർപ്രദേശിലെ സഹറൻപൂരിലെ സദാർ ബസാറിലാണ് സംഭവം. ചന്ദ്രബന്റെ ഒരു മകനെക്കൊണ്ട് പെൺകുട്ടിയെ ബലമായി വിവാഹം ചെയ്യിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൂടുതലാളുകൾക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് സൂചന.

ജൂൺ മൂന്നിന് പ്രദീപ് കുമാർ എന്നയാളുടെ മകൾ ഓഫീസിലേക്ക് പോയി. വൈകീട്ടായിട്ടും യുവതി തിരിച്ച് വരാത്തതിനാൽ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികൾ മുമ്പ് തന്റെ അയൽവാസികളായിരുന്നെന്ന് പ്രദീപ് പറഞ്ഞു. തന്റെ മകളെ പത്ത് ദിവസം പ്രതികൾ ബന്ധികളാക്കിയെന്നും പ്രദീപ് ആരോപിക്കുന്നു.

ഒരു ബന്ധുവാണ് പ്രതികളായ ടോണിക്കും വിജേന്ദ്രയ്ക്കുമൊപ്പം പെൺകുട്ടിയെ കണ്ടതായി അറിയിച്ചത്. ഉടൻ തന്നെ പൊലീസിനൊപ്പം അവരുടെ വീട്ടിലെത്തി. എന്നാൽ അവിടെ പ്രതികളുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ മക്കൾ ഒരു പെൺകുട്ടിക്കൊപ്പം വീട്ടിൽ വന്നെന്നും , വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാൻ താൻ അവരെ അനുവദിച്ചില്ലെന്നും മാതാവ് പറഞ്ഞെന്ന് പ്രദീപ് കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.