തിരുവനന്തപുരം: പാതയരികിലെ പൊലീസിന്റെ വാഹന പരിശോധന മിക്കപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഇതേച്ചൊല്ലി പരാതി ഉയരുന്നതും നമ്മുടെ നാട്ടിൽ പതിവാണ്. പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിലെത്തി രേഖകൾ പരിശോധിക്കണമെന്നുള്ള ചട്ടം നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കാറില്ലെന്നതാണ് സത്യം. എന്നാൽ പൊലീസിന്റെ ഫൈൻ ലഭിച്ചിട്ട് ആദ്യമായാണ് താൻ സന്തോഷിക്കുന്നതെന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മഴയുള്ള നേരം ചെക്കിംഗിന്റെ ഭാഗമായി പൊലീസുകാർ കൈ കാണിച്ചെന്നും തുടർന്ന് പൊലീസുകാരൻ കുടയുമായി തന്റെ അരികിലെത്തി കൂട്ടിക്കൊണ്ട് പോയശേഷം തിരിച്ചെത്തിച്ചെന്നും ഷെയ്‌ഖ് അൽ പാറു മോൻ എന്നയാൾ ഫേസ്ബുക്കിൽ കുറിക്കുന്നു.
പോസ്‌റ്റ് ഇങ്ങനെ
ആദ്യമായിട്ടാണ് ഒരു പോലീസ് ഫൈൻ കിട്ടിയിട്ട് സങ്കടം വരാത്തത്.
13-6-2019 ഇന്ന് രാവിലെ. ഏതാണ്ട് 10 മണിക്ക്.
കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധി യായ മാന്യ എന്ന വഴിയേ കാറിലൂടെ സഞ്ചരിക്കുമ്പോൾ അത്യാവശ്യം നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു.
ഒരു ചെറിയ വളവ് കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ ദേ നിൽക്കുന്നു ഒരു പോലീസ് ജീപ്പ്. മാത്രവുമല്ല പണി കിട്ടിയ ഏതാനും കുറച്ചു വണ്ടികളും ഒപ്പമുണ്ട്. പോലീസ് വണ്ടി കണ്ട ഉടനെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ചിട്ടതു അവർ കണ്ടോ കണ്ടില്ലയോ എന്നറിയില്ല എന്നാലും കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരൻ എനിക്ക് കൈ കാണിക്കാനും മറന്നില്ല.
സാധാരണ പോലീസുകാർ കൈ കാണിക്കുമ്പോൾ മനസ്സിൽ തോന്നാറുള്ള ചെറിയ തെറികൾ മുഖത്ത് പുഞ്ചിരി വരുത്തി ഞാൻ മനസ്സാലെ പിറുപിറുത്തു. മഴ ഉള്ളതുകൊണ്ട് പ്രാകാനും മറന്നില്ല.
ഭാഗ്യവശാൽ വണ്ടിയുടെ documents വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. Document എടുത്തു പുറത്തിറങ്ങാൻ തുനിയവേ ദേ വരുന്നു എന്നെ കൈ കാണിച്ച പോലീസ് കുടയും ഏന്തി. എന്നോട് ഇറങ്ങണ്ട എന്നു പറഞ്ഞു. അതേ പോലീസുകാരൻ രേഖകൾ എല്ലാം പരിശോധിച്ചു. ഗോവ രെജിസ്റ്റർ വണ്ടി ആയതിനാൽ പരിശോധനയിൽ അല്പം സൂക്ഷ്മത ഉള്ളതായി തോന്നി. ലൈസൻസും പരിശോധിച്ചു. പൊലൂഷൻ പേപ്പർ നോക്കിയപ്പോൾ ആണ് അത് കാലാവധി കഴിഞ്ഞ കാര്യം ഞാനും അറിയുന്നത്. പെട്ടു.
ചിരിച്ചു കൊണ്ട് പോലീസുകാരൻ പറഞ്ഞു "ഹാ വകയുണ്ടല്ലോ"
എന്നോട് പറഞ്ഞു പോയി അതിന്റെ ഫൈൻ അടച്ചോളൂ.
ഇനിയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ആ പോലീസുകാരൻ ഡോർ തുറന്നു എന്നെ ചേർത്തു പിടിച്ചു കുടയിൽ കൂട്ടി ജീപ്പിലിരിക്കുന്ന SI യുടെ അടുത്തേക്ക് കൊണ്ടുപോയി. ജീപ്പിന്റെ പുറകിലെ സീറ്റിൽ കയറ്റി. നല്ലൊരു പരിജയക്കാരനെ പോലെ സംസാരിക്കുന്ന SI മറ്റൊരു മാസ്സ് ആണ്. പൊലൂഷൻ 1000 രൂവ ഫൈൻ ഉണ്ടെന്നും തൽക്കാലം 200 രൂവ അടച്ചു പൊയ്ക്കോ എന്നും അദ്ദേഹം പറഞ്ഞു. നല്ലോണം വില പേശുന്ന സ്വഭാവക്കാരനായ ഞാൻ അവരുടെ ഈ മാതൃക പരമായ ഇടപെടൽ കണ്ടു അദ്ദേഹം പറഞ്ഞ ഫൈൻ അടക്കാൻ സമ്മതിച്ചു. ഫൈൻ അടച്ച രസീതും വാങ്ങി പുറത്തിറങ്ങാൻ നിൽക്കുമ്പോൾ ദേ വരുന്നു വീണ്ടും ആ പോലീസുകാരൻ. എന്തോ എന്റെ മനസ്സിൽ ഈ കാലമത്രയും പൊതുവെ പൊലീസുകാരോട് ഉണ്ടായിരുന്ന ദേഷ്യം മാറി എന്നു മാത്രമല്ല അവരോട് വല്ലാത്ത ആദരവ് തോന്നി.
എന്നെ കാറിൽ കൊണ്ടാക്കിയ ശേഷം ആ പോലീസുകാരൻ സീറ്റ് ബെൽറ്റ് ധരിക്കാനും ആവശ്യപ്പെട്ടു തിരിച്ചു പോയി.
ഞാൻ കാറിൽ ഇരുന്നു കുറച്ചു നേരം അവരെ നോക്കി നിന്നു. പുറത്തു നിൽക്കുന്ന 3 പോലീസുകാരും മിക്ക വണ്ടികളെയും കൈ കാണിച്ചു നിർത്ഥിക്കുന്നു. അവരുടെ അടുത്തു പോയി പരിശോധിക്കുന്നു. ഫൈൻ അടക്കേണ്ടവരെ കുടയിൽ കൂട്ടി കൊണ്ടു പോയി തിരിച്ചു കൊണ്ടു വിടുന്നു.
ആദാരണീയരായ എന്റെ ബദിയടുക്ക പോലീസ് SI യും മറ്റു പോലീസുകാരും... മാതൃക പരമായ നിങ്ങളുടെ ഈ സമീപനം വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു. കേരള പോലീസിനെ ഓർത്തു അഭിമാനം തോന്നിയ നിമിഷങ്ങൾ... സ്‌ല്യൂട് സർ.
ഫാറൂഖ് ചെർലടുക്ക.