ജയ്പ്പൂർ: കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളിൽ വൻ തിരുത്തലുകൾ വരുത്തി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തികൾ, ചരിത്രസംഭവങ്ങൾ, എൻ.ഡി.എ സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പ്രധാന മാറ്റങ്ങൾ എന്നിവയിലാണ് കോൺഗ്രസ് സർക്കാർ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നത്. രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനാണ് പുസ്തകങ്ങൾ അച്ചടിച്ചത്. തിരുത്തലുകൾ വരുത്തിയ പാഠപുസ്തകങ്ങൾ ഇപ്പോൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ചരിത്രം പുനർനിർമ്മിക്കുന്നതിനുമായി മുൻപുള്ള ബി.ജെ.പി സർക്കാർ വരുത്തിയ മാറ്റങ്ങളെ ചെറുക്കാനാണ് സർക്കാർ പാഠപുസ്തകങ്ങൾ വീണ്ടും തിരുത്തിയതെന്നാണ് സൂചന.
പുതിയ പുസ്തകങ്ങളിൽ ഹിന്ദു നേതാവ് സവർക്കറിന്റെ പേരിനൊപ്പം സാധാരണ ചേർക്കാറുളള 'വീർ' എന്ന അധികനാമം ഉണ്ടാകില്ല. പുസ്തകത്തിലെ 'സ്വാതന്ത്ര്യ സമരം' എന്ന അധ്യായത്തിലാണ് സവർക്കറിന്റെ പേരിൽ കോൺഗ്രസ് സർക്കാർ മാറ്റം വരുത്തിയത്. 'വിനായക് ദാമോദർ സവർക്കർ' എന്നാണ് ഇതിൽ സവർക്കറിന്റെ പേര്. ബ്രിട്ടീഷുകാരുടെ പ്രീതി സമ്പാദിക്കാൻ സവർക്കർ സ്വയം 'പോർച്ചുഗലിന്റെ മകൻ' എന്ന് വിളിച്ചതിനെപ്പറ്റിയും, നാല് തവണ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പിരന്നതിനെ കുറിച്ചും ഈ അധ്യായത്തിൽ പറയുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ സവർക്കറിന് ഉള്ള പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.
മാത്രമല്ല, എൻ.ഡി.എ സർക്കാരിന്റെ കള്ളപ്പണം തടയാനുള്ള സാമ്പത്തിക നയമായ നോട്ടുനിരോധനത്തെ കുറിച്ചും പുസ്തകത്തിൽ ഒറ്റ വാക്ക് പോലും പരാമർശിക്കുന്നില്ല. 'ജാതിവിരുദ്ധതയും വർഗീയതയും' എന്ന അധ്യായത്തിൽ ഹിന്ദു മഹാസഭയെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കായി ജനങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനയായാണ് പരാമർശിച്ചിരിക്കുന്നത്. മുൻപ് ഈ അദ്ധ്യായത്തിൽ സിമി, ജമാഅത്ത് ഇ ഇസ്‌ലാം, എന്നിങ്ങനെയുള്ള തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളെ കുറിച്ച് മാത്രമേ പരാമർശം ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ജിഹാദ് എന്ന വാക്കും പുസ്തകത്തിൽ നിന്നും എടുത്ത് മാറ്റിയിട്ടുണ്ട്.
ഇത് കൂടാതെ ചക്രവർത്തി അക്ബർ മഹാറാണാ പ്രതാപിനെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും, അലാവുദ്ദീൻ ഖിൽജി രാജ്പുത് രാജകുമാരിയായി പദ്മാവതിയെ സ്വന്തമാക്കാൻ നടത്തിയ യുദ്ധത്തെക്കുറിച്ചും ചരിത്രവസ്തുതകളെ അടിസ്ഥാനമാക്കിയാണ് പാഠപുസ്തകത്തിൽ പരാമർശിക്കുന്നത്.