kv

തിരുവനന്തപുരം.ദൈനം ദിന ചെലവുകൾക്കുള്ള വിദ്യാലയ വികാസ് നിധി( വി.വി.എൻ)യിൽ ഫണ്ടില്ലാത്തതുമൂലം സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതുമൂലം കായിക മത്സരങ്ങൾക്ക് കുട്ടികളെ അയയ്ക്കുന്നതും,യോഗ,കായിക പരിശീലകരെ നിയമിക്കുന്നതടക്കം ക്‌ളീനിംഗ് സ്റ്റാഫിനെ നിയോഗിക്കുന്നതുവരെ പല സ്‌കൂളുകളും വെട്ടിക്കുറച്ചിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ പ്രതിമാസ ഫീസിൽ നിന്നുള്ള വരുമാനമാണ് വി.വി.എന്നിലേക്കു വരുന്നത്.ഈ തുക ഉപയോഗിച്ചുവേണം ദൈനം ദിന പ്രവർത്തനങ്ങൾ നടത്താൻ. കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രതിമാസ ഫീസ് 500 രൂപയാണ്‌കേരളത്തിലാകട്ടെ 240 രൂപയും.ഏതാനും വർഷം മുമ്പ് ഫീസ് വർദ്ധിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള ഏതാനും രക്ഷിതാക്കൾ ഫീസ് വർദ്ധനയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.ഇപ്പോൾ കേസ് സുപ്രീംകോടതിയിലാണെന്ന് കേന്ദ്രീയ വിദ്യാലയ എറണാകുളം റീജിയൺ ഡെപ്യൂട്ടി കമ്മീഷണർ സി.കരുണാകരൻ കേരളകൗമുദിയോട് പറഞ്ഞു.

സംസ്ഥാനത്ത് 39 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.തിരുവനന്തപുരത്തെ പട്ടത്തും പത്തനംതിട്ട ജില്ലയിലെ അടൂരിലും രണ്ട് ഷിഫ്‌റ്റുകൾ ഉള്ളതിനാൽ 41 സ്‌കൂളുകൾ എന്നു പറയാം.ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കേരളത്തിലെ കെ.വി സ്‌കൂളുകളിൽ പഠിക്കുന്നത്. അദ്ധ്യാപകരുടെ ശമ്പളം ,വേക്കൻസിയ്ക്ക് ആനുപാതികമായുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം എന്നിവ മാത്രമേ കേന്ദ്രത്തിൽ നിന്ന് ലഭിക്കുകയുള്ളു.ആർട്ട് ടീച്ചർ, മലയാളം ടീച്ചർ,യോഗ പരിശീലകർ,സ്‌പോർട്‌സ് കോച്ച് ,ക്‌ളീനിംഗ് സ്റ്റാഫ്,സെക്യൂരിറ്റി ,ഹൗസ് കീപ്പിംഗ് തുടങ്ങിയവയ്‌ക്കെല്ലാം വി.വിഎന്നിൽ നിന്നുള്ള പണമാണ് ഉപയോഗിക്കേണ്ടത്.പക്ഷേ ഫണ്ട് അപര്യാപ്തത മൂലം ഇതിലെല്ലാം കുറവ് വരുത്താൻ സ്‌കൂളുകൾ നിർബന്ധിതമാവുകയാണ്.കായിക മത്സരങ്ങൾക്ക് പലതിനും വിദ്യാർത്ഥികളെ അയയ്ക്കാൻ കഴിയുന്നില്ല.സ്‌പോർട്‌സ് ഉപകരണങ്ങളുടെ പർച്ചേസിംഗും മുടങ്ങി.സ്‌കൂൾ ഡേ,കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കൂൾ മാഗസീൻ,ലൈബ്രറിയിലേക്കുള്ള ബുക്ക് പർച്ചേസിംഗ് എന്നിവയും നിറുത്തി.എക്‌സ്‌കർഷൻ പരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട്.കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഒരു ഡോക്ടറിന്റെയും അല്ലാത്തയിടങ്ങളിൽ കുറഞ്ഞത് ഒരു മെഡിക്കൽ നഴ്‌സിന്റെയെങ്കിലും സേവനം നിർബന്ധമാണ്.പക്ഷേ ഫണ്ടില്ലാത്തതിനാൽ പല സ്‌കൂളുകളിലും ഡോക്ടറോ നഴ്‌സോ ഇല്ലാത്ത അവസ്ഥയാണ്.

നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് പരമാവധി പ്രവർത്തനങ്ങൾ നടത്തുകയെന്ന നയമാണ് കേരളത്തിലെ കെ.വി. സ്‌കൂളുകൾ ഇപ്പോൾ അനുവർത്തിക്കുന്നത്‌ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലാണ് കെ.വി സ്‌കൂളുകൾ വരുന്നത്‌.കേന്ദ്ര സഹായം ലഭിക്കുകയോ,കോടതി സ്റ്റേ നീക്കുകയോ ചെയ്യാതെ മുന്നോട്ടുപോകാൻ കഴിയുകയില്ല. സംസ്ഥാനത്തെ മറ്റു സ്‌കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വിദ്യാഭ്യാസമാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ നൽകുന്നത്‌.ദേശീയ തലത്തിൽ തന്നെ മികച്ച കേന്ദ്രീയ വിദ്യാലയത്തിനുള്ള അവാർഡ് തിരുവനന്തപുരത്തെ പട്ടം കെ.വിക്ക് ഒന്നിലധികം തവണ ലഭിച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും സൈനികരുടെയും മക്കൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും.എം.പിമാർക്കും ക്വോട്ടയുണ്ട്.